നിരോധിച്ച രണ്ടായിരത്തിന്‍റെ നോട്ടുകളും സൗദി റിയാലും ഉൾപ്പെടെയാണ് ആലപ്പുഴ നൂറനാടും പരിസരത്തും ചുറ്റിത്തിരിഞ്ഞു നടന്നിരുന്ന ഭിക്ഷാടകന്‍റെ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത്.
ആലപ്പുഴ: സ്കൂട്ടർ ഇടിച്ചു മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയിൽ നാലര ലക്ഷം രൂപ. നിരോധിച്ച രണ്ടായിരത്തിന്‍റെ നോട്ടുകളും സൗദി റിയാലും ഉൾപ്പെടെയാണ് ആലപ്പുഴ നൂറനാടും പരിസരത്തും ചുറ്റിത്തിരിഞ്ഞു നടന്നിരുന്ന ഭിക്ഷാടകന്‍റെ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത്. ആലപ്പുഴ നൂറനാട്, ചാരുമൂട് ഭാഗങ്ങളിൽ ചുറ്റിത്തിരിയുന്ന ഭിക്ഷാടകന് തിങ്കളാഴ്ച്ച രാത്രിയാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ ഇയാൾ ആരോടും പറയാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങി പോയി.
ചൊവ്വാഴ്ച രാവിലെ ചാരുംമൂട് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സഞ്ചികൾ നൂറനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നു പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പേഴ്സുകളും ടിന്നുകളും കണ്ടത്. പഞ്ചായത്തംഗത്തെയടക്കം വിളിച്ചുവരുത്തി നോട്ടുകൾ തരംതിരിച്ച് എണ്ണി തിട്ടപ്പെടുത്തിയപ്പോൾ പൊലീസും ജനപ്രതിനിധിയും ഞെട്ടി. 4,52,207 രൂപയാണ് ഉണ്ടായിരുന്നത്. അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ടുകൾ അടുക്കി സെല്ലോടേപ്പ് ഒട്ടിച്ചാണ് സഞ്ചിയിൽ സൂക്ഷിച്ചിരുന്നത്. അനിൽ കിഷോർ, കായംകുളം എന്നാണ് ഭിക്ഷാടകൻ ആശുപത്രിയിൽ നൽകിയ മേൽവിലാസം. ബന്ധുക്കളായി ആരും ഇതുവരെ എത്തിയിട്ടില്ല. കണ്ടെത്തിയ പണം കോടതിക്ക് കൈമാറും.
