ഓട്ടോറിക്ഷ കണ്ട് സംശയം, തടഞ്ഞപ്പോൾ ഒരാൾ ഇറങ്ങിയോടി; കർണാടകയിൽ മാത്രം വിൽപനാനുമതിയുള്ള 51 ലിറ്റർ മദ്യം പിടികൂടി
പിടിയിലായ യുവാവിനെ ഒന്നാം പ്രതിയാക്കിയും വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയ യുവാവിനെ രണ്ടാം പ്രതിയാക്കിയും എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
കാസർഗോഡ് നുള്ളിപ്പാടിയിൽ വച്ച് കർണാടക സംസ്ഥാനത്തു മാത്രം വിൽപനയ്ക്ക് അനുമതിയുള്ള 51.84 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. മദ്യം ഓട്ടോറിക്ഷയിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന മഞ്ചേശ്വരം ഇടനാട് സ്വദേശി വിനീത് കുമാറിനെ അറസ്റ്റ് ചെയ്തു. എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി മഞ്ചേശ്വരം സൂരമ്പയൽ സ്വദേശി നാരായണൻ എന്നയാൾ ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാളെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
കാസർഗോഡ് എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജനാർദ്ദനൻ കെ എ യുടെ പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ആർ കെ, നസ്റുദ്ധീൻ എ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പ്രസാദ് എം.എം എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം