Asianet News MalayalamAsianet News Malayalam

'തൈ നട്ടത് ഫോട്ടോഷൂട്ട് അല്ല'; ട്രോളുകള്‍ക്ക് മറുപടിയുമായി മുനവ്വറലി ശിഹാബ് തങ്ങള്‍

ഇതാണ് മലപ്പുറം, ഞങ്ങള്‍ ജീവിക്കുന്നത് പരസ്പരം സഹകരിച്ചും സ്നേഹിച്ചും ഒക്കെയാണെന്ന് എല്ലാവരും മനസിലാക്കണം. ആരാധാനാലയങ്ങള്‍ക്കിടയില്‍ പോലും മതിലുകള്‍ ഇല്ലാത്ത മലപ്പുറത്തെ കുറിച്ചാണ് എല്ലാവരും അറിയേണ്ടത്. 

Sayyid Munavvar Ali Shihab Thangal response to trolls for planting tree with priest
Author
Malappuram, First Published Jun 5, 2020, 7:55 PM IST

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ മലപ്പുറം-കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തിൽ മണികണ്ഠൻ എമ്പ്രാന്തരിക്കൊപ്പം തൈ നട്ടതിനെ പരിഹസിച്ച് ട്രോള്‍ ചെയ്യുന്നവര്‍ക്ക് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. പരിസ്ഥിതി ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് മലപ്പുറം-കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തിൽ മണികണ്ഠൻ എമ്പ്രാന്തരിക്കൊപ്പം തൈ നട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പം തന്നെ മലപ്പുറത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് മണികണ്ഠൻ എമ്പ്രാന്തരിക്കൊപ്പം തൈ നട്ടത്. മലപ്പുറത്ത് പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുന്നവരാണ് ഞങ്ങള്‍. പരസ്പരം ബഹുമാനിച്ചാണ് ഇവിടെ എല്ലാവരും ജീവിക്കുന്നത്. ക്ഷേത്രത്തില്‍ ഉത്സവം വരുമ്പോഴും ശബരിമല സീസണ്‍ സമയത്തുമെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് മലപ്പുറത്തുള്ളതെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

മലപ്പുറത്തെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളാണ് പ്രചരിപ്പിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ഒരുപാട് നടക്കുന്ന സ്ഥലമാക്കിയാണ് മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിയൊക്കെ മലപ്പുറത്തെ ചിത്രീകരിച്ചത്. ദേശീയ നേതാക്കള്‍ മലപ്പുറത്തെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍, അതിലെ സത്യം ജനങ്ങള്‍ മനസിലാക്കണം.

ഇതാണ് മലപ്പുറം, ഞങ്ങള്‍ ജീവിക്കുന്നത് പരസ്പരം സഹകരിച്ചും സ്നേഹിച്ചും ഒക്കെയാണെന്ന് എല്ലാവരും മനസിലാക്കണം. ആരാധാനാലയങ്ങള്‍ക്കിടയില്‍ പോലും മതിലുകള്‍ ഇല്ലാത്ത മലപ്പുറത്തെ കുറിച്ചാണ് എല്ലാവരും അറിയേണ്ടത്. മലപ്പുറത്തെ കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ ഇന്ത്യ ആകെ പ്രചരിപ്പിക്കുന്ന ബിജെപിക്കുള്ള മറുപടിയാണ് മതമൈത്രി വെളിവാക്കുന്ന ആ ചിത്രം. അവരെ പ്രതിരോധിക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതസൗഹാര്‍ദ്ദം എന്ന് പറയുന്നത് ഒരു ക്ലീഷേ അല്ല. മലപ്പുറത്ത് എപ്പോഴും ഒരു മൈത്രിയും സാഹോദര്യവും നില്‍നില്‍ക്കണമെന്ന് ഉദ്ദേശിച്ചാണ് ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തിൽ  നട്ട തൈക്ക് മൈത്രി എന്ന പേര് നല്‍കിയത്. മലപ്പുറത്തെ എപ്പോഴും കരിവാരി തേയ്ക്കുന്നവര്‍ക്ക് ഇതാണ് ഇവിടുത്തെ യഥാര്‍ത്ഥ ചിത്രമെന്ന് കാണിച്ചു കൊടുക്കേണ്ട സാമൂഹ്യ ഉത്തരവാത്വം തങ്ങള്‍ക്കുണ്ട്. മലപ്പുറത്തിന്‍റെ പാരമ്പര്യം തന്നെ മതമൈത്രിയാണ്. മലപ്പുറത്ത് മുസ്ലീങ്ങള്‍ കൂടതലാണെങ്കിലും എല്ലാ സമുദായങ്ങളുടെയും വിശ്വാസീയത നേടി ഉന്നമനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

ഇവിടെ ഏതെങ്കിലും ഒരു വര്‍ഗീയവാദിയുടെ നാമ്പ് പൊട്ടിയാല്‍ അത് മുളയിലെ നുള്ളി കളയാന്‍ മലപ്പുറത്തിന് അറിയാം. അത് എല്ലാ സമുദായനേതാക്കളും ഒന്നിച്ച് നില്‍ക്കും. മേനകാ ഗാന്ധി പോലുള്ള നേതാക്കള്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ ആര്‍ക്കും ഒരു സംശയം ഉണ്ടാവാന്‍ പാടില്ല. മലപ്പുറത്തെ കുറിച്ചുള്ള സത്യം ഇതാണെന്ന് കാണിച്ച് കൊടുക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്വമാണ് നിര്‍വഹിച്ചതെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios