കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം
ദില്ലി: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം. നയരൂപീകരണ സമിതിയിലേതാണ് തീരുമാനം. സമിതിയില്‍ ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം എംപിമാർ മത്സരിക്കേണ്ടതില്ലെന്നാണ്. തർക്കമില്ലാതെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുൻഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർഥികളുടെ പേരും മാനദണ്ഡവും ഇന്ന് യോഗത്തില്‍ ചർച്ചയായില്ല.
വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. മൂന്നു സർവ്വേ റിപ്പോർട്ടുകളുണ്ട്, അത് കണക്കിലെടുക്കുമെന്നും, സാമുദായിക സന്തുലിതാവസ്ഥ പാലിക്കും, എംപിമാർ മത്സരിക്കേണ്ടതില്ലെന്നാണ് പൊതു തീരുമാനം.പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടെയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു. അടുത്തമാസം രണ്ടിനകം ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കും. സ്ഥാനാർത്ഥി നിർണയത്തിന് കെപിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങൾക്ക് ഇവരോട് അഭിപ്രായം അറിയിക്കാമെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.
അതേസമയം യോഗത്തില്‍ ശശി തരൂർ പങ്കെടുത്തില്ല. തരൂരിന്‍റെ അതൃപ്തി ഈ സാഹചര്യത്തില്‍ വലിയ രീതിയില്‍ ചർച്ചയായിട്ടുണ്ട്. നാളെ നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും തരൂര്‍ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ദുബായിൽ നിന്ന് തരൂര്‍ ദില്ലിയിലേക്ക് തിരിച്ചെത്തുക ഇന്ന് രാത്രിയാണ്. കൂടാതെ ശശി തരൂരിനെ ഒപ്പം കൂട്ടാൻ ദുബായിലെ വ്യവസായി വഴി സിപിഎം പാലമിട്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആ വാർത്തയും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ വാർത്ത തരൂര്‍ നിഷേധിച്ചിട്ടുണ്ട്.



