വിസ്മയ കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ.
ദില്ലി: കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു (SC Grant Bail For Vismaya Case Accuse Kiran Kumar). സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണിനായി സുപ്രീംകോടതിയിൽ ഹാജരായത്.
ഹർജി അംഗീകരിച്ച സുപ്രീംകോടതി കിരൺ കുമാറിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി വിസ്മയ കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. വിസ്മയ കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന കേരള സർക്കാരിൻ്റെ വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കിരണിൻ്റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
