Asianet News MalayalamAsianet News Malayalam

അരിക്കൊമ്പൻ കേസിൽ കേരളത്തിന് തിരിച്ചടി, ഹർജി സുപ്രീം കോടതി തള്ളി

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം

SC rejects plea of kerala on Araikomban case jrj
Author
First Published Apr 17, 2023, 11:30 AM IST

ദില്ലി : അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാനുള്ള വിദഗ്ധസമിതി നിർദ്ദേശം യുക്തിസഹമെന്നും വിഷയത്തിൽ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടാനാട്ടേക്ക് മാറ്റാൻ അനുവാദം തേടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റിയില്ലെങ്കിൽ പകരം യോജിച്ച സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണ‍മെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം ഉൾപ്പെടെ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ആദ്യ കേസായി ഇത് കേട്ടു. ഗൗരവകരമായ വിഷയമാണിതെന്നും സംസ്ഥാനം വലിയ പ്രതിസന്ധിയിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അല്ലേ എന്ന് കോടതിയെ ചോദിച്ചു. ആരോക്കെയാണ് വിദഗ്ധസിമിതിയിൽ അംഗങ്ങളെന്നും കോടതി ആരാഞ്ഞു. വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് വിദഗ്ധസിമിതയെന്ന് ഹർജിക്കാർ മറുപടി നൽകി. ഇവരുടെ പേരുകൾ വായിച്ച ചീഫ് ജസ്റ്റിസ്  ഉദ്യോഗസ്ഥർ അടങ്ങുന്ന പാനൽ നൽകിയ റിപ്പോർട്ട് സർക്കാർ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന്  ചോദിച്ചു. 

മാത്രമല്ല ആനയെ പപറമ്പിക്കുളത്തേക്ക് മാറ്റുന്നത് യുക്തിസഹമായ തീരുമാനമാണ്. വിദ്ഗധസിമിതി ഇത് നിർദ്ദേശിച്ച സാഹചര്യത്തിൽ സംസ്ഥാനത്തിന്  അതിന് അപ്പുറത്തേക്ക് പോകാനാകില്ലെന്നും കോടതി നീരീക്ഷിച്ചു. എവിടേക്ക് മാറ്റണമെങ്കിലും ആനയെ പിടികൂടേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്ത് രാജ്. അഭിഭാഷകൻ അബ്ദ്ദുള്ള നസീഹ് എന്നിവർ ഹാജരായി. മൃഗസ്നേഹികളുടെ സംഘടനകൾക്കായി മുതിർന്ന അഭിഭാഷകരായ  ശ്യാം ദിവാൻ, പി ചിദംബരേഷ് എന്നിവർ വാദിച്ചു. അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാടിനെ അനൂകൂലിച്ചുള്ള ഹർജി അഭിഭാഷകൻ വി കെ ബിജു ഉന്നയിച്ചു. എന്നാൽ ഈ ഹർജി നാളെ പരാമർശിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. 

Read More : 'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത്': നെല്ലിയാമ്പതിയിൽ ഹർത്താൽ തുടങ്ങി

Follow Us:
Download App:
  • android
  • ios