നേരത്തെ മുതലമട പഞ്ചായത്തും സർവ കക്ഷി ഹർത്താൽ നടത്തിയിരുന്നു. പറമ്പിക്കുളത്തെ മുതുവരച്ചാലിലേക്ക് അരിക്കൊമ്പനെ കൊണ്ടുവരാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചത്

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തിൽ ജനം ഹർത്താൽ ആചരിക്കുന്നു. ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ അരക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ അന്തിമ തീരുമാനം ഇല്ലെങ്കിലും, പൂർണമായി ഒഴിവാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ മുതലമട പഞ്ചായത്തും സർവ കക്ഷി ഹർത്താൽ നടത്തിയിരുന്നു. പറമ്പിക്കുളത്തെ മുതുവരച്ചാലിലേക്ക് അരിക്കൊമ്പനെ കൊണ്ടുവരാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചത്. പുതിയ സ്ഥലം കണ്ടെത്താൻ സർക്കാറിന് നിലവിൽ ഹൈക്കോടതി സാവകാശം നൽകിയിട്ടുണ്ട്. സർക്കാർ പക്ഷേ അന്തിമ തീരുമാനം എടുത്തിട്ടില്ല. 

അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളമല്ലാതെ മറ്റൊരു സ്ഥലവും ഇല്ലെന്നാണ് സർക്കാരും മന്ത്രിയും പറയുന്നത്. ഇത് എത്രത്തോളം ശരിയാണ്? എന്തുകൊണ്ടാണ് തേക്കടി എന്ന സാധ്യതപോലും സർക്കാർ പരിഗണിക്കാത്തത്? അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടണം എന്നാണ് ചിന്നക്കനാലുകാരുടെ ആവശ്യം. സർക്കാരിനും അതേ അഭിപ്രായമാണ്. അപ്പോഴാണ് ആനപ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത്. ആനയെ മയക്കുവെടിവച്ച് പിടികൂടി കുട്ടിലടയ്ക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. ഹൈക്കോടതി വിഷയം പരിഗണിച്ചു.

ആനയെ കൂട്ടിലടയ്ക്കുന്നത് ശാശ്വത പരിഹാരമല്ല എന്ന് നിരീക്ഷിച്ചു. വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ വച്ചു. കൂട്ടിലടയ്ക്കേണ്ട പകരം റോഡിയോ കോളർ ഘടിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാം എന്ന് സമിതി നിർദേശിച്ചു. പറമ്പിക്കുളത്ത് ജനരോഷമുണ്ടായി ഹർത്താലുണ്ടായി, നെന്മാറ എംഎൽഎ ഹൈക്കോതിയിലെത്തി. പറമ്പിക്കുളത്തേക്ക് തന്നെ മാറ്റണം എന്നില്ലെന്നാണ് പിന്നീട് ഹൈക്കോടതി പറഞ്ഞത്. പറമ്പിക്കളം വിദഗ്ധ സമിതി ശുപാർശ ചെയ്ത സ്ഥലമാണ്. മറ്റൊരു ഉചിതമായ സ്ഥലം ഉണ്ടെങ്കിൽ സർക്കാരിന് തീരുമാനിക്കാം. ഉചിതമായ സ്ഥലം ഇല്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നുമാണ് വനം മന്ത്രി ഒടുവിൽ വ്യക്തമാക്കുന്നത്.

ഈ സംഭവ വികാസങ്ങൾക്ക് ഇടയിൽ ചില ചോദ്യങ്ങൾ ആരും ശ്രദ്ധിച്ചില്ല. എന്തിനാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിച്ച് പറമ്പിക്കുളത്തെ മുതുവരച്ചാലിലേക്ക് തന്നെ കൊണ്ടുവിടുന്നത്? സമീപത്തുള്ള തേക്കടിയിലേക്ക്, പെരിയാർ ടൈഗർ റിസർവറിലേക്കോ മാറ്റിക്കൂടേ? മയക്കുവെടിവച്ച ആനയുമായി ദീർഘദൂര യാത്ര അപകടകരമാണ്. അരിക്കൊമ്പന്റെ താവളമായ ചിന്നക്കനാലിൽ നിന്ന് തേക്കടിയിലേക്ക് 90 കിലോമീറ്ററിൽ താഴെയാണ് ദൂരം. പരമാവധി യാത്രാ സമയം രണ്ടര മണിക്കൂറാണ്. എന്നാൽ ചിന്നക്കനാലിൽനിന്ന് അരിക്കൊമ്പനെ കൊണ്ടുവിടാൻ ഉദ്ദേശിക്കുന്ന പറമ്പിക്കുളത്തെ മുതുവരച്ചാലിലേക്ക്. 180 കിലോമീറ്റർ ദൂരമുണ്ട്. എളുപ്പവഴി കണ്ടെത്തിയാൽ കുറവ് വരാം. എന്നാൽ ഇപ്പോഴത്തെ കണക്ക് പ്രകാരം 5 മണിക്കൂറിൽ അധികം യാത്ര വേണ്ടി വരും.

മയക്കുവെടിയേറ്റ ആനയുമായി ഇത്രയും ദൂരം സഞ്ചരിക്കണം. സ്വഭാവികമായും ഇടവേളകളിൽ ബൂസ്റ്റർ ഡോസ് നൽകേണ്ടിവരും. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചേക്കും. ഈ വിഷയം വിദഗ്ധ സമിതി പരിശോധിച്ചിരുന്നോയെന്നതിൽ വ്യക്തതയില്ല. പറമ്പിക്കുളത്തെ അപേക്ഷിച്ച് കൂടുതൽ വന വിസ്തൃതിയുള്ള പ്രദേശം ആണ് തേക്കടി. കോർ സോണിൽ മനുഷ്യർ ഇല്ല. 881 ചതുരശ്ര കിലോമീറ്റർ ആണ് തേക്കടിയുടെ കോർ സോൺ. ഏക്കറിൽ പറഞ്ഞാൽ, 2,17,607 ഏക്കർ. സ്ഥലം പറമ്പിക്കുളത്ത് കോർ സോൺ 391 ചതുരശ്ര കിലോമീറ്റർ മാത്രം. അതായത് 96, 577 ഏക്കർ മാത്രം. പറമ്പിക്കുളത്ത് ബഫർ സോൺ 253 ചതുരശ്ര കിലോമീറ്റർ ആണ്. തേക്കടിയേക്കാളും 209 ചതുരശ്ര കിലോമീറ്റർ കൂടുതൽ. വ്യക്തമാക്കി പറഞ്ഞാൽ, പറമ്പിക്കുളത്ത് മനുഷ്യ ഇടപെടൽ കൂടുതൽ ഉള്ള സ്ഥലം ആണ്. ഇക്കാര്യത്തിൽ മന്ത്രി പറയുന്നത് ശരിയാണ്. 

ആനയെ ഉൾക്കാട്ടിലേക്ക് മാറ്റാൻ റോഡില്ലെന്ന വാദവും തേക്കടിയിൽ നിലനിൽക്കില്ല. 159 കി.മീ. നീളത്തിൽ റോഡുണ്ട് തേക്കടിയിൽ എന്നാണ് കണക്കുകൾ. എന്തുകൊണ്ട് തേക്കടി ഒരു ഘട്ടത്തിലും പരിഗണിക്കപ്പെട്ടില്ല എന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരമില്ല. തേക്കടി പരിഗണിച്ചോ എന്ന ചോദ്യം പോലും എവിടെയും ഉയർന്നില്ല. ആനയെ മാറ്റാൻ മികച്ച സ്ഥലം തേക്കടിയാണെന്ന് പറയാൻ സർക്കാരിന് മടിയുണ്ടോ? വനംവകുപ്പിലെ ആർക്കെങ്കിലും എതിർപ്പുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല. വിദഗ്ധ സമിതി തേക്കടി പരിഗണിച്ചോ? ഇല്ലെങ്കിൽ അത് പിഴവല്ലേ? പരിഗണിച്ചു എങ്കിൽ എന്തുകൊണ്ട് ഒഴിവാക്കി? അത് സമൂഹത്തോട് പറയേണ്ടതല്ലേ? പുതിയൊരു സ്ഥലം സർക്കാർ കണ്ടെത്തി അറിയിക്കണം എന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. പറമ്പിക്കുളം അല്ലെങ്കിൽ മറ്റ് പോംവഴിയില്ലെന്ന നിലപാടിലാണ് സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. സർക്കാർ നിയമപോരാട്ടം നടത്തട്ടെ. അപ്പോഴും ചിന്നക്കനാലിലെ ജനം നേരിടുന്ന ദുരിതം ഇനിയും തുടരും എന്നർഥം. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിന് പകരം തേക്കടി തെരഞ്ഞെടുത്തിരുന്നെങ്കിൽ ഒരു പക്ഷേ പ്രശ്നം ഇത്ര രൂക്ഷമാകുമായിരുന്നില്ല.

YouTube video player