അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ടക്കിടെയാണ് സംഭവം. ആദിവാസിയായ ബിനീഷിനെ അടിമാലി മന്നാംകാല സ്വദേശിയായ ജസ്റ്റിനാണ് മർദ്ദിച്ചത്
ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ പരസ്യമായി മർദ്ദിച്ച സംഭവത്തിൽ എസ് സി-എസ് ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു. പുളിക്കത്തൊട്ടി സ്വദേശി ബിനീഷിനെ ഉത്സവപ്പറമ്പിൽ വെച്ച് മർദ്ദിച്ച സംഭവത്തിലാണ് കേസടുത്തത്. ബിനീഷിനെ കണ്ടെത്തി മൊഴിയെടുത്ത് കേസെടുക്കാനുള്ള നടപടികൾ പോലീസും തുടങ്ങി.
അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ടക്കിടെയാണ് സംഭവം. ആദിവാസിയായ ബിനീഷിനെ അടിമാലി മന്നാംകാല സ്വദേശിയായ ജസ്റ്റിനാണ് മർദ്ദിച്ചത്. ചെണ്ടമേളത്തിനിടിയിൽ ഇരുവരും തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മർദ്ദനം ഭയന്ന് ബീനിഷ് ക്ഷേത്രത്തിനുള്ളിലേയ്ക്ക് ഓടിക്കറി. ഇയാളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിനും സംഘവും എത്തിയതോടെ ക്ഷേത്ര മുറ്റത്ത് വീണ്ടും സംഘർഷമുണ്ടായി. മദ്യ ലഹരിയിൽ ആദിവാസി യുവാവ് കത്തി വീശുകയും ചെയ്തു.
ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്ന ഭാരവാഹികളുടെ പരാതിയിൽ ജസ്റ്റിൻ, സജീവൻ, സഞ്ജു എന്നിവരെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ ആദിവാസി യുവാവിനെ മർദ്ദിച്ചതിൽ പോലീസ് കേസെടുത്തില്ല. സംഭവത്തിനു ശേഷം സ്റ്റേഷനിലുണ്ടായിരുന്ന ബിനീഷ് പരാതിയില്ലെന്ന് അറിയിച്ചതിനാലാണ് കേസെടുക്കാഞ്ഞതെന്ന് പോലീസ് പറയുന്നു.

മർദ്ദനത്തിൻറെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഏഴു ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്കും എസ് സി-എസ് ടി കമ്മീഷൻ നിർദ്ദേശം നൽകിയത്. സംഭവത്തിനു ശേഷം വനത്തിനുള്ളിൽ ജോലിക്ക് പോയ ബിനീഷിനോട് അടിമാലി പോലീസ് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ബിനീഷിൻറെ മൊഴിയെടുത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
