ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡോർ തെറിച്ചുപോയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. തച്ചമ്പാറയിലെ ദേശബന്ധു സ്കൂളിന്റെ ബസുകൾക്ക് പെർമിറ്റും ഇൻഷുറൻസും ഫിറ്റ്നസും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിൻ്റെ ഡോർ തെറിച്ചു പോയ സംഭവത്തില്‍ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ക്രമക്കേടുകൾ കണ്ടെത്തിയ എട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്ത് 30,000 രൂപ പിഴ ചുമത്തിയതായി മണ്ണാർക്കാട് മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ പിഎം രവികുമാർ അറിയിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് തച്ചമ്പാറയിലെ ദേശബന്ധു സ്‌കൂളിലെ ബസുകൾ പ്രവർത്തിക്കുന്നതെന്ന് എംവിഡി പറയുന്നു. സ്‌കൂൾ ബസുകൾക്ക് പെർമിറ്റും ഇൻഷുറൻസും ഫിറ്റ്നെസും ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ രാവിലെയായിരുന്നു മണ്ണാർക്കാട് തച്ചമ്പാറയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ്സിന്റെ ഡോർ തെറിച്ച് വീണത്. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞു രണ്ടാഴ്ച തികയും മുൻപാണ് സംഭവം. ഡോർ തെറിച്ചു വീണ സമയത്ത് റോഡിലൂടെ കുട്ടികളോ മറ്റു യാത്രക്കാരോ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. അടിയന്തിരഘട്ടത്തിൽ മറ്റൊരിടത്ത് നിന്ന് എത്തിച്ച ബസാണിതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. ഇന്ന് ദേശാബന്ധു ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ വാഹനങ്ങളും പരിശോധന നടത്തുമെന്നും എംവിഡി അറിയിച്ചു.