കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്കെല്ലാം നാളെ അവധി ആയിരിക്കും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും നാളെ ( ജനുവരി 6 ) അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. സ്കൂൾ കലോത്സവത്തിൽ പങ്ക് ചേരുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവഝി പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്കെല്ലാം നാളെ അവധി ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്കൂൾ ഗ്രൗണ്ടിൽ കളിക്കവെ കടന്നൽ കൂട്ടം ആക്രമിച്ചു, തൃശൂരിൽ നാൽപതിലേറെ പെൺകുട്ടികൾക്ക് കുത്തേറ്റു; ആശുപത്രിയിൽ

അതേസമയം സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനം അവസാനിക്കാറാകുമ്പോൾ 583 പോയിന്‍റോടെ കണ്ണൂര്‍ കുതിപ്പ് തുടരുകയാണ്. കടുത്ത മത്സരവുമായി പാലക്കാടും കോഴിക്കോടും തൊട്ട് പിന്നിലുണ്ട്. മൂന്നാം ദിനം രാവിലെ വേദിയിലെത്തിയത് ജനപ്രിയ ഇനങ്ങളായ ഒപ്പനയും തിരുവാതിരയും ഓട്ടംതുള്ളലുമായിരുന്നു. ആവേശത്തോടെ കുട്ടികള്‍ കൊട്ടിക്കയറിയ ചെണ്ടമളം ഏവർക്കും മറക്കാനാകാത്ത നിമിഷങ്ങളായി മാറി. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളിയില്‍ വിധികര്‍ത്താക്കളെ നിശ്ചയിച്ചതില്‍ അപാകതയുണ്ടായെന്ന പരാതിയായിരുന്നു ഇന്നത്തെ കല്ലുകടി. ആകെയുള്ള 239 മത്സരങ്ങളിൽ 150 എണ്ണം ഇതുവരെ പൂർത്തിയായി. ഹൈസ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം കാർമ്മൽ ഗേൾസ് ഹൈസ്കൂളും ഹയർ സെക്കന്‍ററി വിഭാഗത്തിൽ കണ്ണൂർ സെന്‍റ് തേരസാസ് എച്ച് എസ് എസുമാണ് മുന്നിൽ. അറുപത്തിയഞ്ച് മത്സരയിനങ്ങള്‍ മാത്രം ശേഷിക്കേ സ്വര്‍ണ കപ്പ് ആര്‍ക്കെന്ന ഉദ്വേഗം വളരുകയാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങളുടെ ആവേശം എല്ലാ സീമകളും കടക്കുമെന്നുറപ്പാണ്. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ആർക്കാകും സ്വർണക്കപ്പ് എന്നതാണ് കണ്ടറിയേണ്ടത്.