സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക; 81 കോടി 73 ലക്ഷം രൂപ അനുവദിച്ചതായി സർക്കാർ ഹൈക്കോടതിയിൽ
രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ തുകയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാരിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി

തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക തുകയുടെ 50% നല്‍കാന്‍ ഉത്തരവിറക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 81 കോടി 73 ലക്ഷം രൂപ അനുവദിച്ചതായി സർക്കാർ വ്യക്തമാക്കി. കുടിശ്ശിക മുഴുവനും വേണമെന്ന് അധ്യാപക സംഘടന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ തുകയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാരിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. ഹർജി ഹൈക്കോടതി ഈ മാസം 30 ന് പരിഗണിക്കാനായി മാറ്റിവെച്ചു.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി മറുപടി തേടിയിരുന്നു. പ്രധാനാധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് അധ്യാപക സംഘടന നൽകിയ ഹർജിയിലാണ് കോടതി നടപടി. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാൻ കാരണമെന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണം.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിവാദത്തിൽ കേരള സർക്കാരിന്‍റെ വാദങ്ങൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്താലയം രംഗത്ത് വന്നിരുന്നു. പിഎം പോഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പെടെ സംസ്ഥാന നോഡൽ അക്കൗണ്ടിലേക്കു കൈമാറേണ്ടിയിരുന്നുവെന്നും എന്നാൽ ഇതുണ്ടായില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു.
ഈ സാഹചര്യത്തിലാണു തുടർന്നുള്ള ഫണ്ട് കൈമാറാൻ സാധിക്കാത്ത സാഹചര്യമുണ്ടായത്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ ഓഗസ്റ്റ് 8ന് അറിയിച്ചിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതിനാലാണു കേരളത്തിൽ പ്രതിസന്ധിയുണ്ടാക്കിയതെന്നു മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.