Asianet News MalayalamAsianet News Malayalam

ഡീസല്‍ ഒഴിവാക്കാന്‍ കിണറില്‍ തീയിട്ട് അഗ്നിശമന സേന; കുടിവെള്ള പ്രശ്നം മാറുമെന്ന പ്രതീക്ഷയില്‍ നാട്ടുകാരും

ടാങ്കര്‍ ലോറി മറിഞ്ഞതോടെ തുടങ്ങിയതാണ് നാട്ടുകാരുടെ ദുരിതം. ഒരു തവണ തീയിട്ട് ഡീസല്‍ സാന്നിദ്ധ്യം പൂര്‍ണമായി ഇല്ലാതാക്കിയ കിണറിലാണ് വീണ്ടും ഡീസല്‍ നിറഞ്ഞത്. ഇന്ന് രണ്ടാം തവണയും അഗ്നിശമന സേന തീയിടുകയായിരുന്നു.

Fire force sets fire in a well in malappuram to remove diesel accumulated above the drinking water afe
Author
First Published Sep 14, 2023, 11:43 AM IST

മലപ്പുറം: മലപ്പുറത്തെ പരിയാപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞത് കാരണം സമീപത്തെ കിണറ്റില്‍ കലര്‍ന്ന ഡീസല്‍ അഗ്നിശമന സേന കത്തിച്ചു കളയുകയാണ് ഇപ്പോള്‍. കിണറ്റില്‍ തീയിട്ടതിന് പിന്നീലെ തീ ഉയര്‍ന്ന് സമീപത്തുണ്ടായിരുന്ന തെങ്ങും കത്തി നശിച്ചു. രണ്ടാഴ്ച മുമ്പാണ് ഡീസല്‍ ടാങ്കര്‍ മറിഞ്ഞ് എണ്ണ പുറത്തേക്ക് ഒഴുകുകയും പരിസരത്തെ കിണറുകളില്‍ ഡീസല്‍ എത്തുന്നതിന് വഴിവെക്കുകയും ചെയ്തത്.

ആറ് കിണറുകളിലാണ് കാര്യമായ ഡീസല്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. വെള്ളം പമ്പ് ചെയ്ത് കിണറുകള്‍ വൃത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ഫയര്‍ഫോഴ്സ് ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. പരിയാപുരത്തെ കോണ്‍വെന്റിലെ കിണറില്‍ ഇന്ന് രാവിലെ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ തീയിട്ടു. നേരത്തെ ഒരു തവണ സമാനമായ തരത്തില്‍ ഈ കിണറ്റില്‍ തീയിട്ട് ഡീസല്‍ സാന്നിദ്ധ്യം ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീണ്ടും കിണറ്റില്‍ ഡീസല്‍ നിറ‍ഞ്ഞതോടെയാണ് ഇന്ന് വീണ്ടും തീയിട്ടത്. പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടുണ്ട്. ഇന്ന് രാവിലെ രണ്ടാം തവണ തീയിട്ടപ്പോഴും ഒരു തെങ്ങിന്റെ ഉയരത്തിലേക്ക് തീ പടര്‍ന്നുപിടിച്ചു. ടാങ്കര്‍ ലോറി മറിഞ്ഞ പ്രദേശത്തു നിന്ന് എണ്ണൂറ് മീറ്ററോളം അകലെയാണ് കോണ്‍വെന്റിലെ കിണര്‍. 

Read also:  എപ്പോള്‍ വേണമെങ്കിലും തീ പിടിക്കുമെന്ന അവസ്ഥയില്‍ കിണറുകള്‍, ആശങ്കയില്‍ മലപ്പുറത്തെ ഒരു ഗ്രാമം

ഡീസല്‍ ടാങ്കറുകള്‍ അപകടത്തില്‍പെടുമ്പോള്‍ ഒഴുകിപ്പോകുന്ന ഡീസല്‍ ഒരു കുഴിയിലേക്ക് ശേഖരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും ജലസ്രോതസുകളിലേക്ക് പോകാതിരിക്കാനും വേണ്ടി കത്തിച്ച് കളയാറുണ്ട്. പമ്പ് ചെയ്ത് മാറ്റാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ചെയ്യുന്നത്. രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് സാധാരണ ഇങ്ങനെ ഡീസല്‍ കത്തി തീരാറുണ്ടെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിയാപുരത്ത് രണ്ടാഴ്ച മുമ്പ് ഇതേ കിണറ്റില്‍ തീയിട്ട് ഒരു തവണ ഡീസല്‍ പൂര്‍ണമായി കത്തിച്ചുകളഞ്ഞിരുന്നു. അതിന് ശേഷം നീരൊഴുക്കില്‍ വീണ്ടും ഡീസല്‍ എത്തി കിണറ്റില്‍ നിറഞ്ഞു. പരിസരത്തെ മറ്റ് വീടുകളിലെ കിണറുകളില്‍ ഡീസല്‍ സാന്നിദ്ധ്യത്തിന്റെ അളവ് കുറഞ്ഞെങ്കിലും ഇപ്പോഴും രുചി വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്നും അഗ്നിശമന സേന നടത്തിയ പരിശോധനയില്‍ കണ്ടെത്തി. മൂന്നോ നാലോ തവണ വൃത്തിയാക്കുന്നതിലൂടെ ഡീസല്‍ പൂര്‍ണമായും ഒഴിവാക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.

കിണറില്‍ മുകള്‍ ഭാഗത്ത് പാട പോലെ നില്‍ക്കുന്ന ഡീസല്‍ പമ്പ് ഉപയോഗിച്ച് ശേഖരിച്ച് മാറ്റും. കോണ്‍വെന്റ് കിണറില്‍ കൂടുതലായി ഡീസല്‍ ഉള്ളതുകൊണ്ടാണ് കത്തിച്ചു കളയേണ്ടി വരുന്നത്.ശേഷം വെള്ളം പമ്പ് ചെയ്ത് ടാങ്കറിലേക്ക് മാറ്റും. രണ്ടോ മൂന്നോ തവണ ഇങ്ങനെ പൂര്‍ണമായി വെള്ളം ഒഴിവാക്കുന്നതോടെ ഈ കിണറും വൃത്തിയാക്കാനാവുമെന്നും അതിന് ശേഷം വെള്ളം പരിശോധിക്കുമെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കിണറുകളില്‍ ഡീസല്‍ സാന്നിദ്ധ്യം കുറഞ്ഞതായി നാട്ടുകാരും പറയുന്നു. 

വീഡിയോ കാണാം...
Watch Video

Follow Us:
Download App:
  • android
  • ios