സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ വിതരണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും കടുത്ത പ്രതിസന്ധിയിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫണ്ട് ലഭിക്കാത്തതിനാൽ അധ്യാപകർ സ്വന്തം കയ്യിൽ നിന്ന് പണം കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സ്കൂൾ ഒളിമ്പിക്സ് നടത്തിപ്പിലും സർക്കാരിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 23.5 ലക്ഷം വിദ്യാർത്ഥികൾക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. മനുഷ്യത്വരഹിതമായ നടപടിയാണ് ഇപ്പോൾ നടക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക കുടിശികയാണ്. അങ്കണവാടികളിലെ പോഷകാഹാര വിതരണവും വലിയ പ്രതിസന്ധിയിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കാൻ കാലതാമസം നേരിടുകയാണ്. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഇടതുപക്ഷം കൊണ്ടുവന്ന മാതൃകാ മെനു നടപ്പാക്കണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു. അരിയും പച്ചക്കറിയും പുറത്തുനിന്ന് വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. അധ്യാപകർ സ്വന്തം കയ്യിൽ നിന്ന് പൈസ എടുത്ത് സാധനം വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. പലരും സ്വർണ്ണം പണയം വെച്ച് പോലും സാധനങ്ങൾ വാങ്ങുകയാണ്. ചോറും രണ്ട് കറിയും മാത്രം ആണ് ഇപ്പോൾ നൽകുന്നത്. എഗ്ഗ് ഫ്രൈഡ് റൈസ് അടക്കം നൽകുന്നത് നിർത്തലാക്കി. ക്ഷേമ ആശ്വാസ പദ്ധതികളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിന്‍റേതെന്ന് വി ശിവൻകുട്ടി വിമർശിച്ചു.

ഇന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന മേളയാണ് സ്കൂൾ ഒളിമ്പിക്സ്. കഴിഞ്ഞ സർക്കാർ 25000 കുട്ടികൾക്ക് താമസവും ഭക്ഷണവും എല്ലാം നൽകി. ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്വർണ്ണ കപ്പ് പോലും കാണാൻ ഇല്ല. ഓരോ മേളയും കഴിയുമ്പോൾ അടുത്ത മേള എവിടെ നടത്തണം എന്ന് തീരുമാനിക്കും. ഇത്തവണ അത് ഉണ്ടായില്ല. പതാക പോലും കാണാൻ ഇല്ലാത്ത സ്ഥിതിയാണെന്ന് ശിവൻകുട്ടി പറഞ്ഞു.