ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ച സംഭവത്തിൽ നീക്കവുമായി കെഎസ്ഇബി ഉദ്യോഗസ്ഥൻ. സംഭവത്തിൽ വെന്നിയൂർ സെക്ഷൻ എഇ ബിജു പൊലീസിൽ പരാതി നൽകി. ട്രാക്ടർ കൊണ്ട് നിലം ഉഴുതതിനെ തുടർന്നാണ് സ്റ്റേ വയർ നിലത്ത് നിന്ന് പറിഞ്ഞ് പോയതെന്ന് വാദം. നടപടി വരാതിരിക്കാനാണ് നീക്കം.

മലപ്പുറം: മലപ്പുറത്ത് സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ച സംഭവത്തിൽ നടപടി വരാതിരിക്കാൻ നീക്കവുമായി കെഎസ്ഇബി ഉദ്യോഗസ്ഥൻ. ട്രാക്ടർ കൊണ്ട് നിലം ഉഴുതതിനെ തുടർന്നാണ് സ്റ്റേ വയർ നിലത്ത് നിന്ന് പറിഞ്ഞ് പോയതെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. വെന്നിയൂർ സെക്ഷൻ എഇ ബിജുവാണ് സംഭവം അന്വേഷിക്കണമെന്ന് കാട്ടി താനൂർ പൊലീസിൽ പരാതി നൽകിയത്. വരമ്പിലെ പോസ്റ്റ് അപക‌ടാവസ്ഥയിലായതും നിലം ഉഴുതത് കൊണ്ടെന്നാണ് വാദം. സംഭവത്തിൽ വീഴ്ചയില്ലെന്ന് വെന്നിയൂർ സെക്ഷനിലെ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തോടും പറഞ്ഞു.

തിരൂരങ്ങാടി ചെറുമുക്കിൽ വീടിന് സമീപത്തെ പാടത്ത് കളിക്കുന്നതിനിടെ പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീൻ്റെ മകൻ ജുനൈദിന് ആണ് ഷോക്കേറ്റ് ദാരുണാന്ത്യം സംഭവിച്ചത്. സ്റ്റേ വയറിൽ തൊട്ടയുടൻ തന്നെ വിദ്യാർത്ഥിക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന ആരോപണം ശക്തമായിരുന്നു. പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാധ്യത സംബന്ധിച്ചു നേരത്തെ പരാതി ഉയർന്നിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാർ തമ്മിൽ തർക്കമുണ്ടായി.

ജൂനൈദിൻ്റെ മരണത്തിൽ മാപ്പ് പറഞ്ഞ് കെഎസ്ഇബി രംഗത്തെത്തിയിരുന്നു. സംഭവം സങ്കടകരമാണെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായതെന്നും കെഎസ്ഇബിയുടെ പ്രതികരണം. അപകടത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും മരിച്ച കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തിൻ്റെ മൊഴിയെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ മൊഴിയും സംഘം രേഖപ്പെടുത്തി.

അതിനിടെ, മന്ത്രി സണ്ണി ജോസഫ് ജുനൈദിൻ്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. കുട്ടിയുടെ പിതാവുമായി സംസാരിച്ച മന്ത്രി, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായി അറിയിച്ചു. ആവശ്യമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. അതേസമയം 13 വയസ്സുകാരൻ്റെ മരണത്തിൽ നടപടി വൈകുന്നതിൽ യൂത്ത് ലീഗ് ഇന്ന് കെഎസ്ഇബി ഓഫീസ് ഉപരോധിക്കും.