തിരുവനന്തപുരം: ഒമ്പത് മാസത്തെ ഓൺലൈൻ പഠനത്തിന് ശേഷം വിദ്യാർത്ഥികൾ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്ലാസ് മുറികളിൽ പ്രവേശനം. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങൾ‌‍ പാലിച്ചാണ് വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 10,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു. 

ഇത്രയും നാളുകൾക്ക് ശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. സഹപാഠികളെ കാണാനായതും ഓൺലൈന് വഴിയല്ലാതെ നേരിട്ട് പഠനം നടത്താൻ കഴിയും എന്നതും ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകർ ക്ലാസ്മുറികളിൽ നേരിട്ട് പഠിപ്പിക്കുന്നതിന്റെ അത്ര എന്തായാലും വരില്ല ഓൺലൈൻ ക്ലാസ്സുകൾ എന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. 

കൂടുതൽ പേരും രക്ഷിതാക്കൾക്കൊപ്പമാണ് എത്തിയത്. ഒരു ബഞ്ചിൽ ഒരാൾ എന്ന രീതിയിലാണ് ക്ലാസ് മുറിയിൽ ക്രമീകരണം നടത്തിയിരിക്കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്ക് ധരിച്ച് മാത്രമേ സ്കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.