പത്തനംതിട്ട: കൊവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താൻ സഞ്ചരിക്കുന്ന സംവിധാനവുമായി പത്തനംതിട്ടയിലെ ഡോക്ടർമാരും എൻജിനീയറിംഗ് വിദ്യാർത്ഥികളുമടങ്ങുന്ന സംഘം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ ലക്ഷ്യമിട്ടാണ് റാപ്പിഡ് സ്ക്രീനിംഗ് വെഹിക്കിൾ തയ്യാറാക്കിയിരിക്കുന്നത്.

വാഹനത്തിൽ ഇരുന്ന് തന്നെ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താം. ഡോക്ടർമാരും എൻജിനിയർമാരുമടങ്ങുന്ന 10 പേരാണ് സംഘത്തിലുള്ളത്. ഇൻഫ്രാറെഡ്ഡ് തെർമോമീറ്റർ, തിരിച്ചറിയൽ കാർഡിന്‍റെ ചിത്രം രേഖപ്പെടുത്താൻ ക്യാമറ, ആരോഗ്യ പ്രവർത്തകരുമായി സംസാരിക്കാൻ മൈക്രോ ഫോൺ എന്നിവയാണ് വാഹനത്തിലുള്ളത്. എയർ കണ്ടീഷൻ ഉപയോഗിക്കുമ്പോഴും വാഹനത്തിനകം അണുമുക്തമാക്കാനുള്ള സൗകര്യവും ഉണ്ട്. പനിയുള്ളവരെ കണ്ടെത്തി പിന്നീട് ആശുപത്രിയിലേക്ക് മാറ്റും.

മന്ത്രി കെ രാജു സ്ക്രീനിംഗിന് വിധേയനായി വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത മേഖലയിൽ കൂടുതൽ പേരെ പരിശോധിക്കാൻ സംവിധാനത്തിലൂടെ കഴിയും. തിരുവല്ല സബ് കളക്ടർ വിനയ് ഗോയൽ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സന്നദ്ധ സേവകന്‍റെ വാഹനമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. പതിനായിരം രൂപയാണ് റാപ്പിഡ് സ്ക്രീനിംഗ് വെഹിക്കിൾ സജ്ജമാക്കാൻ ചിലവായത്.