Asianet News Malayalam

അസഭ്യ കമന്റ് വൈറൽ; 'സൈബര്‍ സഖാക്കളുടെ വ്യാജ പ്രചരണ'മെന്ന് വി ഡി സതീശൻ

പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത വാക്കുകളാണ് രണ്ട് കമന്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്നതാണ് വിഡി സതീശന്റെ മറുപടി

Screenshot of comments goes viral VD Satheeshan alleges CPIM cyber comrades role behind it
Author
Thiruvananthapuram, First Published May 14, 2020, 11:37 PM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: വിഡി സതീശന്റേതെന്ന് തോന്നിപ്പിക്കുന്ന അസഭ്യ കമന്റിന്റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇത് തന്റേതല്ലെന്നും സൈബർ സഖാക്കളുടെ വ്യാജപ്രചാരണമാണെന്നും ആരോപിച്ച് വിഡി സതീശൻ എംഎൽഎയും രംഗത്തെത്തി.

പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത വാക്കുകളാണ് രണ്ട് കമന്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്നതാണ് വിഡി സതീശന്റെ മറുപടി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ സന്ദേശത്തിലെ സംഭാഷണമാണ് വിഡി സതീശന്റെ പ്രതികരണ കുറിപ്പിലുള്ളത്. "ഐഎൻഎസ്‌പിയിൽ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കണം," എന്ന സംഭാഷണ ശകലത്തോടെയാണ് വിഡി സതീശന്റെ കുറിപ്പ് തുടങ്ങുന്നത്. ഇപ്പോൾ സൈബർ സഖാക്കൾ സ്ക്രീൻഷോട്ട് ഇറക്കി നാറ്റിക്കുക എന്ന പ്രവർത്തനം കൂടി തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വിഡി സതീശന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ഐഎൻഎസ്‌പിയിൽ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കണം. സന്ദേശം എന്ന സിനിമയിലെ ഡയലോഗ് ആണ്. കോൺഗ്രസിനെയും സി.പി.എമ്മിനെയും കേന്ദ്രബിന്ദു ആക്കി   ഇരുപതു വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു. ഇന്നത്തെ സൈബർ സഖാക്കൾ അത് വ്യാജ  സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേർത്തിരിക്കുകയാണ്.  

ഞാൻ കമന്റ് ചെയ്തു എന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീൻ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബർ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ ഞാൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാൻ സംസാരിക്കാറുള്ളത്. ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങൾ എത്ര വലകൾ വിരിച്ചിട്ടും അതിൽ കുരുങ്ങാൻ എന്നെ കിട്ടാത്തത്. അപ്പോൾ നിങ്ങൾ ശീലിച്ച ആ എതിർപ്പാർട്ടിയിൽ പെട്ട രാഷ്ട്രീയ പ്രവർത്തകരെ അപമാനിക്കാൻ കഥകൾ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബർ കുറ്റകൃത്യം ആയത് കൊണ്ട് അതിനുള്ള നിയമനടപടികൾ സ്വീകരിക്കും.

Follow Us:
Download App:
  • android
  • ios