കണ്ണൂര്‍: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ 4 ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. മൊകേരി സ്വദേശി യാദവ്, ചെണ്ടയാട് സ്വദേശി മിഥുൻ, കോളയാട് സ്വദേശി രാഹുൽ, കണ്ണോത്ത് സ്വദേശി അശ്വിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് കണ്ണവം സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇവരെ തൊക്കിക്കൊടി പാലാഴി ക്ഷേത്രത്തിന് സമീപത്ത് നിന്നും പിടി കൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇനി ഒരാൾ കൂടിയാണ് പിടിയിലാകാൻ ഉള്ളത്.

സെപ്റ്റംബര്‍ എട്ടിനാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചുതന്നെ സലാഹുദ്ദീന്‍ മരിച്ചു. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീല്‍ 2018 ജനുവരിയില്‍ എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസിലെ ഏഴാം പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.