തിരുവനന്തപുരം: പൗരത്വ ബില്ലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ്ഡിപിഐ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് പോകുമ്പോള്‍ അതിനെ അട്ടിമറിക്കുന്ന നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് എസ്ഡിപിഐ ആരോപിച്ചു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പ്രഹസന്നമായി മാറിയെന്നും പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് എസ്‍ഡിപിഐ നടത്തിയ ഹര്‍ത്താലിനെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചെന്നും എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി ആരോപിച്ചു. 

നേരത്തെ പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം  വർഗീയ ശക്തികളുടെയും തീവ്രസംഘടനകളുടെയും പ്രക്ഷോഭം പരിധിക്കുള്ളിൽ നിൽക്കണം എന്നില്ലെന്നും അതിനെ കർക്കശമായി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

പൗരത്വ നിയമഭേദഗതിക്കെതിരെ എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും മുഖ്യധാരാ പാര്‍ട്ടികളും പ്രമുഖ ഇസ്ലാമിക സംഘടനകളും ഹര്‍ത്താലുമായി സഹകരിച്ചിരുന്നില്ല. ഹര്‍ത്താല്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവരേയും അക്രമത്തിനൊരുങ്ങിയവരേയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹര്‍ത്താല്‍ ആവശ്യമെങ്കില്‍ എല്ലാവരുടേയും പിന്തുണ തേടി സംയുക്ത പ്രക്ഷോഭം എന്ന രീതിയില്‍ മതിയെന്ന നിലപാടാണ് മുസ്ലീം ലീഗ് സ്വീകരിച്ചത്. പൗരത്വ ഹര്‍ത്താലിനെ ആദ്യഘട്ടത്തില്‍ തന്നെ മുസ്ലീംലീഗും സമസ്തയും കാന്തപുരവും തള്ളിക്കളഞ്ഞിരുന്നു.