എൽഡിഎഫിന് പിന്തുണ കൊടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. എസ്ഡിപിഐയുടെ പിന്തുണ വേണമെന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

മലപ്പുറം: എൽഡിഎഫിന് പിന്തുണ കൊടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. എസ്ഡിപിഐയുടെ പിന്തുണ വേണമെന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏതെങ്കിലും ഒരു മുന്നണിയെ എസ്ഡിപിഐ പിന്തുണയ്ക്കും. അത് ആലോചിച്ച് തീരുമാനിക്കുമെന്നും സിപിഎ ലത്തീഫ് വ്യക്തമാക്കി.

എസ്ഡിപിഐ വർഗീയ കക്ഷിയാണെന്ന് സിപിഎം പറഞ്ഞിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷും അങ്ങനെ പറഞ്ഞിട്ടില്ല. ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ രീതിയിലേക്ക് എല്ലാ പാർട്ടികളും വരണം. സിപിഎമ്മും മുസ്ലിം ലീഗും കോൺഗ്രസ്സും ഒക്കെ ഇതേ അഭിപ്രായത്തിലേക്ക് വരണം. അപ്പോൾ പിന്തുണ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മങ്കടയിൽ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ പ്രവർത്തകരുടെ അഭിപ്രായം തേടുമെന്ന പറഞ്ഞ ലത്തീഫ് വർഗീയ ഭ്രാന്തന്മാർ എന്ന് ബിനോയ് വിശ്വം പറഞ്ഞത് തിരുത്തേണ്ടി വരുമെന്നും പറഞ്ഞു.

എസ്ഡിപിഐ, ആർഎസ്എസ് ഉൾപ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് പറഞ്ഞിരുന്നു. ആർഎസ്എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എല്ലാം മതഭ്രാന്തിന്റെ പേരുകളാണ്. അവരൊന്നും പലതല്ല ഒന്നാണ്. മതങ്ങളെയും വിശ്വാസികളെയും മാനിക്കും പക്ഷേ മതഭ്രാന്തനോട് സന്ധിയില്ലെന്നും ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഉൾപ്പെടെ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ പറഞ്ഞിരുന്നു. വോട്ട് ചെയ്യുന്നവർക്ക് അവരുടേതായ രാഷ്ട്രീയമുണ്ടാകാം, എന്നാൽ വോട്ട് സ്വീകരിക്കുന്നതിൽ വിവേചനം കാണിക്കില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming