എസ്ഡിപിഐ വോട്ട് ആർക്ക് നൽകണമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സി പി എ ലത്തീഫ്. ബിജെപിക്ക് അല്ലാത്ത ആർക്കും വോട്ട് നൽകുമെന്നും ലത്തീഫ് വ്യക്തമാക്കി.
മലപ്പുറം: സിപിഎം - എസ്ഡിപിഐ ഡീല്‍ ആരോപണം മുറുകുന്നതിനിടെ വോട്ട് ഇടതുപക്ഷത്തിന് എന്ന് സൂചന നൽകി എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സി പി എ ലത്തീഫ്. ഇടതുപക്ഷം എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞില്ലെന്നും സർക്കാരിന്‍റെ നയങ്ങളിൽ പൂർണ്ണ എതിർപ്പില്ലെന്നും എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സിപിഐ ലത്തീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ വോട്ട് നൽകുന്നവരോട് വേണ്ട എന്ന് പറയില്ലെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കിയിരുന്നു.

എസ്ഡിപിഐ വോട്ട് ആർക്ക് നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പറയുമ്പോഴും പിന്തുണ ഇടതുപക്ഷത്തിന് തന്നെയാണ് എന്നാണ് ലത്തീഫ് സൂചന നല്‍കുന്നത്. ബിജെപിക്ക് അല്ലാത്ത ആർക്കും വോട്ട് നൽകുമെന്ന് പറഞ്ഞ ലത്തീഫ്, എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നും ഇടതുപക്ഷം അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐയോട് പിന്തുണ അഭ്യർത്ഥിക്കുന്നവർക്കാണ് വോട്ട് നൽകുന്നതെന്ന് വ്യക്തമാക്കിയ ലത്തീഫ്, ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പൂർണമായ എതിർപ്പ് ഇല്ലെങ്കിലും ചില നയങ്ങളിൽ മുസ്ലിം സംഘടനകൾക്ക് എതിർപ്പുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സിപിഎം അനുകൂലമായല്ല എസ്ഡിപിഐ സ്ഥാനാർത്ഥികളെ നിർത്തിയതെന്നും കൂടുതൽ വോട്ട് നേടി പാർട്ടിയുടെ ശക്തി തെളിയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഡിപിഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി കടുപ്പിച്ച് മറുപടി നൽകിയപ്പോൾ ആരെങ്കിലും വോട്ട് ചെയ്യാൻ തീരുമാനിച്ചാൽ എങ്ങനെ വേണ്ടെന്നു വെക്കാൻ പറ്റും എന്നാണ് എം എ ബേബി ചോദിച്ചത്. എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. എന്നാൽ വോട്ട് നൽകാനുള്ള സാധ്യത തള്ളാതെയാണ് എസ്ഡിപിഐ അധ്യക്ഷൻ സിപിഎ ലത്തീഫ് പ്രതികരിച്ചത്. എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ അവിഹിത സഖ്യമുണ്ടെന്ന് മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്നും എൻ കെ പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്നെ നേരിട്ട് ഉണ്ടാക്കിയ ധാരണയാണെന്നും എസ്ഡിപിഐ സിപിഎം ബന്ധം ഇപ്പോൾ പരസ്യമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.



