പ്രതികൂല കാലാവസ്ഥയടക്കമുള്ള പ്രതിസന്ധികളോട് മല്ലിട്ടാണ് കേരളത്തിലെ മത്സ്യബന്ധന മേഖല ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. അവര്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കടല്‍ മണല്‍ ഖനന നീക്കം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ഖനനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

കൊല്ലം: കടലില്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് മത്സത്തൊഴിലാളികള്‍. കൊല്ലം തീരക്കടലില്‍ മാത്രം മൂന്ന് മണല്‍ ബ്ലോക്കുകള്‍ ഖനനം ചെയ്യുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികള്‍. മത്സ്യസമ്പത്ത് നശിപ്പിച്ച് തീരദേശത്തെ പട്ടിണിയിലാക്കുന്ന തീരുമാനം ഉപേക്ഷിക്കും വരെ സമരം തുടരുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്.

ഏകദേശം 300 ദശലക്ഷം ടണ്‍ മണ്ണാണ് എടുത്തുമാറ്റുക. ആവാസ വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ എക്കലും ചെളിയും ഉള്‍പ്പെടെ നീക്കം ചെയ്യുമ്പോള്‍ മത്സ്യ പ്രജനനത്തിനുള്ള സാധ്യതയില്ലാതാവുമെന്നാണ് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പീറ്റര്‍ മത്യാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

നിയമ പ്രകാരം സംസ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്നതാണ് ഈ പറയപ്പെടുന്ന പദ്ധതിപ്രദേശമെന്നും സ്റ്റേറ്റിനേയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളേയും വിശ്വാസത്തിലെടുക്കാതെ കടല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം അപകടം പിടിച്ചതാണെന്നും സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജോയിന്‍റ് സെക്രട്ടറിയായ എച്ച്.ബേസില്‍ ലാല്‍ പ്രതികരിച്ചു.

സ്വകാര്യ കുത്തകകളെ സഹായിക്കുന്ന ഖനനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന നിലപാടാണ് കേരള ലത്തീൻ കത്തോലിക്ക അസോസിയേഷന്‍ കൈക്കൊണ്ടിട്ടുള്ളത്.

പ്രതികൂല കാലാവസ്ഥയടക്കമുള്ള പ്രതിസന്ധികളോട് മല്ലിട്ടാണ് കേരളത്തിലെ മത്സ്യബന്ധന മേഖല ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. അവര്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കടല്‍ മണല്‍ ഖനന നീക്കം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ഖനനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് കടല്‍ സമ്പത്തിനെ നശിപ്പിക്കുമോയെന്ന ഭീതിയിലാണ് ജനങ്ങള്‍.

വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ നീളുന്ന കൊല്ലം പരപ്പിലാണ് ആദ്യഘട്ട ഖനനം. ഏകദേശം 85 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ മൂന്ന് ബ്ലോക്കുകള്‍ തിരിച്ച് ഖനനം നടത്താനാണ് തീരുമാനം. ജൈവ സമ്പത്ത് നിലനില്‍ക്കുന്ന മേല്‍മണ്ണ് നീക്കി മണല്‍ ഖനനം ചെയ്യുന്നതോടെ മത്സ്യങ്ങളുടെ ശവപ്പറമ്പായി കടല്‍ മാറുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 

വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഫെബ്രുവരി 5 ന് കൊല്ലം പോര്‍ട്ടിലേക്ക് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തും. വിവിധ സംഘടനകളുടെ കൂട്ടായ്മയായ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ഈ മാസം 27 ന് സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 12ന് പാര്‍ലമെന്‍റ് മാര്‍ച്ചും നടത്തും.

Read More: വിഴിഞ്ഞത്ത് വീണ്ടും നിയമവിരുദ്ധ മീൻപിടുത്തം; തീരത്ത് നിന്നും 6 കിലോമീറ്റർ ദൂരെ നിന്ന് ബോട്ട് പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം