Asianet News MalayalamAsianet News Malayalam

സെർച്ച് കമ്മിറ്റി ചട്ടപ്രകാരം; സർക്കാർ നീക്കങ്ങളിൽ രാജ്ഭവന് അതൃപ്തി; പോരിനുറച്ച് ഗവര്‍ണര്‍

വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കവരാൻ ഓർഡിനൻസ് ഇറക്കാനൊരുങ്ങുന്ന സർക്കാർ നീക്കത്തിലെ അതൃപ്തി ആരിഫ് മുഹമ്മദ് ഖാൻ സൂചിപ്പിച്ചു. സർവ്വകലാശാലകളിൽ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ചാൻസിലര്‍ സ്ഥാനത്ത് തുടരുന്നതെന്ന ഓര്‍മ്മപ്പെടുത്തലും ഗവർണ്ണറുടെ ഭാഗത്തുനിന്നുണ്ടായി.   
 

search committee controversy raj bhavan unhappy with government moves
Author
Thiruvananthapuram, First Published Aug 6, 2022, 1:03 PM IST

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സർക്കാരിനെ മറികടന്ന് സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമെന്ന് വിശദീകരിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കവരാൻ ഓർഡിനൻസ് ഇറക്കാനൊരുങ്ങുന്ന സർക്കാർ നീക്കത്തിലെ അതൃപ്തി ആരിഫ് മുഹമ്മദ് ഖാൻ സൂചിപ്പിച്ചു. സർവ്വകലാശാലകളിൽ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ചാൻസിലര്‍ സ്ഥാനത്ത് തുടരുന്നതെന്ന ഓര്‍മ്മപ്പെടുത്തലും ഗവർണ്ണറുടെ ഭാഗത്തുനിന്നുണ്ടായി.   

ഒരിടവേളക്ക് ശേഷം വീണ്ടും സർക്കാർ-ഗവർണ്ണർ പോര് തുടങ്ങിയിരിക്കുകയാണ്. ഗവർണ്ണറുടെ അധികാരം കവരാനുള്ള ഓർഡിനൻസിലും സെർച്ച് കമ്മിറ്റിയിൽ നിന്നും കേരള സർവ്വകലാശാല പ്രതിനിധി പിന്മാറിയതിലും ഗവർണ്ണർക്കുള്ളത് കടുത്ത അതൃപ്തിയാണ്. സർവ്വകലാശാല പ്രതിനിധിയായി ജൂണിൽ തീരുമാനിച്ച ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ അപ്രതീക്ഷിതമായി അടുത്തിടെ പിന്മാറിയത് ഓർഡിനൻസ് ഇറക്കാനുള്ള കാലതാമസത്തിനാണെന്ന് ഗവർണ്ണർ തിരിച്ചറിഞ്ഞു. അതാണ് ഓർഡിനൻസ് ഇറങ്ങും മുമ്പ് സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് തൻറെയും യുജിസിയുടേയും പ്രതിനിധികളെ വെച്ച് ഇന്നലെ സർച്ച് കമ്മിറ്റി ഉണ്ടാക്കിയത്. 

നടപടി ചട്ടപ്രകാരമെന്ന് വിശദീകരിക്കുന്ന ഗവർണ്ണർ സർക്കാരിനോട് ഏറ്റുമുട്ടാൻ തന്നെയാണ് ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. ചാൻസിലർ പദവി മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാമെന്ന് പറഞ്ഞ് കത്ത് നൽകിയ പഴയ പോരും പിന്നീട് മുഖ്യമന്ത്രി തന്നെ ഇടപെട്ട് ഉണ്ടാക്കിയ ഉത്ത് തീർപ്പ് കൂടി ആരിഫ് മുഹമ്മദ് ഖാൻ ഓ‌ർമ്മിപ്പിക്കുന്നു
 
സർക്കാർ ഇനി ഓ‌‍ർഡിനൻസ് ഇറക്കിയാലും കേരള വിസി നിയമനത്തിനായി ഗവർണ്ണർ ഉണ്ടാക്കിയ സെർച്ച് കമ്മിറ്റിയെ മറികടക്കാനാകില്ല. ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണ്ണർ വീണ്ടും എതിർപ്പ് കടുപ്പിക്കാനും സാധ്യതയുണ്ട്. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും നൽകാത്തതിലും ഗവർണ്ണർക്ക് കടുത്ത നീരസമുണ്ട്.

Read Also: കേരള വിസി നിയമനം: സര്‍ക്കാരിനെ വെട്ടി ഗവര്‍ണറുടെ നീക്കം, വീണ്ടും പോരിന് കളമൊരുങ്ങുന്നു

Follow Us:
Download App:
  • android
  • ios