Asianet News MalayalamAsianet News Malayalam

വയനാട്ടിൽ നടുറോഡിൽ സ്ത്രീക്ക് ക്രൂരമർദ്ദനം; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയൽ പൊലീസിന്റെ നിഗമനം. അഭിഭാഷകന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതി ഒളിവിൽ പോയതെന്നാണ് വിവരം.

search continues for accused who attacked women in wayanad
Author
Wayanad, First Published Jul 24, 2019, 6:15 AM IST

വയനാട്: വയനാട് അമ്പലവയലിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി സജീവാനന്ദിനായി പൊലീസ് തിരച്ചിൽ തുടരുന്നു. ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയൽ പൊലീസിന്റെ നിഗമനം. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അടക്കം പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. 

കഴിഞ്ഞ ദിവസം ഇയാൾ അഭിഭാഷകനെ കണ്ട് സംസാരിച്ചെന്നും അഭിഭാഷകൻ പറഞ്ഞതനുസരിച്ചാണ് ഒളിവിൽ പോയതെന്നുമാണ് വിവരം. വൈകാതെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. അതേസമയം മർദ്ദനമേറ്റ ദമ്പതികളെ കണ്ടെത്താനും ശ്രമം തുടരുകയാണ്. ഇവർ പാലക്കാട് സ്വദേശികൾ ആണെന്നാണ് ഒടുവിൽ ലഭിച്ച വിവരം. 

ഞായറാഴ്ച്ച രാത്രി അമ്പലവയൽ ടൗണിൽ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദൻ ക്രൂരമായി മർദ്ദിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൂന്നാംദിവസമാണ് പൊലീസ് കേസെടുത്തത്. തന്റെ ഭർത്താവാണ് ഇയാളെന്നും ആരെങ്കിലും സഹായിക്കണമെന്നും യുവതി കേണപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. 

മർദ്ദനമേറ്റ് അവശരായ ഇരുവരെയും നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുക്കാന്‍ നിർബന്ധിച്ചെങ്കിലും ഇരുവരും തയ്യാറായില്ല. പരാതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സജീവാനന്ദിനെ നടപടിയൊന്നുമെടുക്കാതെ വിട്ടയച്ച് അമ്പലവയല്‍ പൊലീസ് സംഭവം ഒതുക്കാന്‍ ശ്രമിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു. 

സജീവാനന്ദൻ പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകനാണ്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും സൂചനയുണ്ട്. എന്നാല്‍ ജില്ലാ കോൺഗ്രസ് നേതൃത്വം സജീവാനന്ദിനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. പ്രതിയെ കോൺഗ്രസ് സംരക്ഷിക്കില്ലെന്നും ഡിസിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

Follow Us:
Download App:
  • android
  • ios