തിരുവനന്തപുരം: നെയ്യാറിലെ ലയൺ സഫാരി പാ‍ർക്കിൽ നിന്നും രക്ഷപ്പെട്ട കടുവയെ ഇതുവരെയായിട്ടും കണ്ടെത്താനായില്ല. നേരത്തെ ലയൺ സഫാരി പാ‍ർക്കിൻ്റെ പിറകിലെ പ്രവേശന കവാടത്തിന് സമീപത്ത് വച്ചു കടുവയെ കണ്ടെത്തിയിരുന്നു. ഇതേ തുട‍ർന്ന് വനംവകുപ്പ് സംഘം സന്നാഹങ്ങളോടെ ഇവിടെയെത്തിയെങ്കിലും കടുവ അവിടെ നിന്നും മാറി.

നെയ്യാ‍ർ ഡാമിലെ ജലാശയത്തിലേക്ക് കടുവ ചാടിയോ എന്ന സംശയം വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ പ്രകടിപ്പിക്കുന്നുണ്ട്. ഇരുട്ട് വീണതോടെ സഫാരി പാ‍ർക്കിലും പരിസരത്തും നടത്തി വന്ന തെരച്ചിൽ അധികൃത‍ർ അവസാനിപ്പിച്ചു. പ്രദേശവാസികൾക്ക് ജാ​ഗ്രതാ നി‍ർദേശം നൽകിയിട്ടുണ്ട്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വച്ചു വീഴ്ത്താനാണ് അധികൃതരുടെ തീരുമാനം.

വയനാട്ടിലെ ആദിവാസിമേഖലയിൽ ഭീതി പ‍ട‍ർത്തിയ പത്ത് വയസ്സ് പ്രായമുള്ള പെൺകടുവയാണ് നെയ്യാർ ഡാമിൽ നിന്നും രക്ഷപ്പെട്ടത്. വയനാട്ടിൽ പത്തോളം ആടുകളെ കൊന്ന കടുവ ഒടുവിൽ വനംവകുപ്പിൻ്റെ കെണിയിൽ കുടുങ്ങുകയും പിന്നീട് നെയ്യാ‍‍ർ ഡാമിലേക്ക് കൊണ്ടു വരികയുമായിരുന്നു. നെയ്യാ‍ർ ഡാമിൽ വച്ച് ഇന്ന് രാവിലെയാണ് കൂട് പൊളിച്ച് കടുവ രക്ഷപ്പെട്ടത്. കടുവ പുറത്തു ചാടിയെന്ന വിവരം പരന്നതോടെ പ്രദേശവാസികളെല്ലാം ആശങ്കയിലാണ്.