പെരിയവാരയിലും  നെയ്മക്കാടുമായി ഒന്നിലധികം കടുവകള്‍ ഉണ്ടാകാനുള്ള സാധ്യത വനപാലകര്‍ തള്ളികളയുന്നില്ല

രാജമല: മൂന്നാർ രാജമല നെയ്മക്കാട് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലിരങ്ങിവളര‍്ത്തുമൃഗങ്ങളെ കൊല്ലുന്ന കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കടുവയെ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ വിദഗ്ദരായ ഉദ്യോഗസ്ഥരുടെ സഹായതോടെ പിടികൂടാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനിടെ ഇന്നും കടുവയെ കണ്ടതായി പ്രദേശവാസികള്‍ വനപാലകരെ അറിയിച്ചു.

നെയ്മക്കാട് ഭാഗത്ത് നാലിടങ്ങളിലായി കടുവയെ പിടികൂടാനിയ കൂടുവെച്ചെങ്കിലും കടുവ ഒരിടത്തും കുടുങ്ങിയില്ല. ഇന്ന് വളർത്തുമൃഗങ്ങളെയോന്നും കടുവ അക്രമിച്ചിട്ടില്ല എന്നതാണ് നാട്ടുകാരുടെ ഏക ആശ്വാസം. ഇതിനിടെ പത്തരയോടെ പെരിയവരാക്ക് സമീപം കടുവയെ കണ്ടതായി പ്രദേശവാസി സാമുവേല്‍ വനംവകുപ്പിനെ അറിയിച്ചു. ഇന്നലെ രാത്രി കടുവയുടെ ദൃശ്യങ്ങൾ പകർത്തിയ സ്ഥലത്തിന് അടുത്ത തന്നെയാണ് വീണ്ടും കടുവയെ കാണപ്പെട്ടത്. 

കടുവയെ പേടിച്ച നെയ്മക്കാട് ഭാഗത്തെ തോട്ടം തോഴിലാളികള്‍ ഇന്ന് ജോലിക്ക് പോയിട്ടില്ല. കടുവയെ പിടികൂടുന്നത് വരെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് നല്‍കിയിരിക്കുന്ന നിർദേശം. ജനവാസമേഖലയിൽ ഭീതി പടർത്തി ഒളിച്ചു നടക്കുന്ന കടുവയെ പിടികൂടാനായി നൂറുകണക്കിന് ഉദ്യോഗസ്ഥരെയാണ് വനംവകുപ്പ് വിന്യസിച്ചിരിക്കുന്നത്.

വനപാലകർ നെയ്മക്കാട് ഭാഗത്ത് ക്യംപ് ചെയ്ത് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കടുവയുടെ തുമ്പൊന്നും കിട്ടിയില്ല. ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കടുവയെ കണ്ടെത്താമെന്ന നി‍ര്‍ദേശം വന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വച്ചു. ഡ്രോണ്‍ ശബ്ദം കേട്ടാൽ കടുവ കൂട്ടിനകത്തേക്ക് വരില്ലെന്ന് കണ്ടാണ് ഡ്രോണ്‍ വച്ചുള്ള തെരച്ചിൽ വേണ്ടെന്ന് വച്ചത്. 

പെരിയവാരയിലും നെയ്മക്കാടുമായി ഒന്നിലധികം കടുവകള്‍ ഉണ്ടാകാനുള്ള സാധ്യത വനപാലകര്‍ തള്ളികളയുന്നില്ല. ശാസ്ത്രീയ പരിശീലനം നേടിയവരുടെ സഹായത്തോടെ ഇവയെ പിടകൂടാനാകുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കില്‍ മയക്കുവെടി വെക്കുന്നതിനെകുറിച്ചും ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്.