Asianet News MalayalamAsianet News Malayalam

ഷിരൂർ ദൗത്യം; വെയിലും ഒഴുക്കും അനുകൂലം, നാവിക സംഘം ഇനിയും എത്തിയില്ല; രക്ഷാ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ

നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയില്ലെന്നാണ് പുറത്ത് വരുന്നത്. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോ​ഗിക വിവരം ലഭിച്ചിട്ടില്ല. 

Search for Malayalee driver Arjun, who went missing in Shirur landslide, remains uncertain
Author
First Published Aug 13, 2024, 11:20 AM IST | Last Updated Aug 13, 2024, 11:28 AM IST

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. ഇന്ന് രാവിലെ 9ന് തെരച്ചിൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തെരച്ചിലിനായി നാവികസംഘം ഇതുവരെ എത്തിയിട്ടില്ല. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയില്ലെന്നാണ് പുറത്ത് വരുന്നത്. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോ​ഗിക വിവരം ലഭിച്ചിട്ടില്ല. 

കാർവാറിൽ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തെരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാർവാറിലുണ്ടെന്നാണ് നേവി അനൗദ്യോ​ഗികമായി അറിയിക്കുന്നത്. ഇവർക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് നാവികസംഘം പുഴയിലെ ഒഴുക്ക് പരിശോധിച്ചിരുന്നു. ഇന്ന് കാലാവസ്ഥ അനുകൂലവുമാണ്. അതേസമയം, എകെഎം അഷ്റഫ് എംഎൽ‍എ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരച്ചിൽ തുടങ്ങാത്തതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്നാണ് എംഎൽഎയും പറയുന്നത്. 

ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്. 

തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

ദമനിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാർത്ഥി അശ്വിന്റെ മൃതശരീരം കണ്ടെടുത്തു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios