കായംകുളത്ത് ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനൊരുങ്ങിയ 42-കാരിയായ സെലീന പാമ്പ് കടിയേറ്റ് മരിച്ചു. ആളൊഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുക്കാൻ പോയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കൂടുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് ജീവൻ നഷ്ടം. കായംകുളത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പിൽ സെലീന (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കായംകുളം കൊറ്റുകുളങ്ങരയിലാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനായി ആളൊഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുക്കാൻ പോയപ്പോഴാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തൃശ്ശൂരിലും തിരുവനന്തപുരത്തും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ പാമ്പ് കടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൂട് കൂടുമ്പോൾ പാമ്പുകൾ വീടിനുള്ളിലേക്കും സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്കും മാറാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സെലീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചിറയിൻകീഴിൽ 8 വയസുകാരന് ജീവൻ നഷ്ടം

ചിറയിൻകീഴ് അഴൂരിൽ ഇന്ന് രാവിലെയാണ് പാമ്പുകടിയേറ്റ് എട്ട് വയസുകാരന് ജീവൻ നഷ്ടമായത്. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്.

തൃശൂരിൽ വേദനയായി ആൽജോ

കഴിഞ്ഞ ദിവസം തൃശൂരിലെ വീട്ടിനുള്ളിൽ കടിയേറ്റ് എട്ടുവയസ്സുകാരൻ ആൽജോ മരണമടഞ്ഞതിന്‍റെ വേദനയിലാണ് നാട്. ആൽജോക്കൊപ്പം കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സഹോദരൻ അനോഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയത് കുടുംബത്തിന് ആശ്വാസമായി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കിടപ്പുമുറിയിൽ വെച്ച് എട്ടുവയസ്സുകാരൻ ആൽജോയെയും ചേട്ടൻ അനോഷിനെയും ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ദുരൂഹത നീങ്ങിയത്. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലായിരുന്നു ഈ കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളുന്നതായിരുന്നു ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടർ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായിരുന്നു.

YouTube video player