മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ പരിശോധന. അറസ്റ്റിലായ അബ്ദുള്‍ ഹമീദിന്‍റെ വീട്ടിലാണ് പരിശോധന. അതേസമയം നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എമിറേറ്റ്സ് വിമാന കമ്പനിയുടെ ജീവനക്കാരെ ചോദ്യം ചെയ്യും. ഫൈസല്‍ ഫാരിദ് ഹാജരാക്കിയ, അറ്റാഷെയുടെ  വ്യാജ കത്തിന്‍റെ അടിസ്ഥാനത്തില്‍ ബാഗ് കയറ്റി അയച്ചതിനെ കുറിച്ച് വിമാനക്കമ്പനിയുടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മാനേജരുടെ മൊഴിയാണ് ആദ്യം എടുക്കുക. 

കോണ്‍സുലേറ്റിലേക്ക് സാധനങ്ങള്‍ അയക്കാന്‍  അറ്റാഷെ  തന്നെ  ചുമതലപ്പെടുത്തുന്ന കത്ത് , ഫൈസല് ഫാരിദ് ദുബൈ വിമാനത്താവളത്തില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കോണ്‍സുലേറ്റിന്‍റെ മുദ്രയോ ഒപ്പോ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ബാഗ് അയച്ചതെന്നാണ് എമിറേറ്റ്സ് വിമാനക്കമ്പനി ജീവനക്കാരോടുള്ള കസ്റ്റംസിന്‍റെ ചോദ്യം. ഇതിന്‍റെ ആദ്യപടിയായി വിമാനക്കമ്പനിയുടെ തിരുവനന്തപുരത്തെ എയര്‍പോര്‍ട് മാനേജരുടെ മൊഴിയെടുക്കും.