Asianet News MalayalamAsianet News Malayalam

പായിപ്പാട്ടെ ലോക്ക് ഡൗൺ ലംഘനം: ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ഇന്നലെ അതിഥി തൊഴിലാളികൾ പ്രതിഷേധം നടത്തിയ പായിപ്പാട് ഇന്ന് രാവിലെ ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Second arrest in payippad lock down violation
Author
Payippad, First Published Mar 30, 2020, 10:30 PM IST

കോട്ടയം: പായിപ്പാട് ലോക്ക് ഡൗൺ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ പായിപ്പാട്ടെ ഒരു അതിഥി തൊഴിലാളി കൂടി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അൻവർ അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഇന്നലെ അതിഥി തൊഴിലാളികൾ പ്രതിഷേധം നടത്തിയ പായിപ്പാട് ഇന്ന് രാവിലെ ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിഞ്ചു എന്ന പശ്ചിമബം​ഗാൾ സ്വദേശിയാണ് അറസ്റ്റിലായത്.

ലോക്ക് ഡൗൺ ലംഘിച്ച് ഇന്നലെ നൂറുകണക്കിന് തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിൽ പായിപ്പാട് മേഖലയിൽ കർശന പൊലീസ് നിരീക്ഷണം തുടരുകയാണ്. മേഖലയിലെ എല്ലാ തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കുന്നുണ്ട്.

കൊവിഡ് ലോക്ക് ഡൗൺ തുടരുന്നതിനിടെ അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ സിഐടിയു നേതാവിനെതിരെ കേസ്. സിഐടിയുവിന്റെ അതിഥി തൊഴിലാളി യൂണിയൻ പട്ടാമ്പി താലൂക്ക് സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസെടുത്തത്. 400 ലധികം അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്.

നിലമ്പൂരിൽ നിന്ന് പശ്ചിമബംഗാളിലേക്ക് ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥിത്തൊഴിലാളികളെ കൊണ്ടുപോകാൻ പ്രത്യേക തീവണ്ടി വരുമെന്ന വ്യാജസന്ദേശം വാട്സാപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിക്ക് പിന്നാലെ മണ്ഡലം പ്രസിഡന്‍റും അറസ്റ്റിലായി. എടവണ്ണ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് ഷെരീഫാണ് അറസ്റ്റിലായത്. നേരത്തേ ഇതേ കേസിൽ യൂത്ത് കോൺഗ്രസ് എടവണ്ണ മണ്ഡലം മുൻ സെക്രട്ടറിയായ ഷാക്കിർ പിടിയിലായിരുന്നു.

Follow Us:
Download App:
  • android
  • ios