കൊച്ചി: കേരളത്തിന്റെ അഭിമാനപദ്ധതിയായ കൊച്ചി മെട്രോ നാളെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടും. വൈദ്യുതിക്ക് വളരെയേറെ ക്ഷാമം നേരിടുന്ന കാലത്ത് കൂടുതൽ സൗരോർജ്ജ ഉപയോഗമെന്ന ലക്ഷ്യത്തിലേക്കാണ് കെഎംആർഎൽ നടന്നടുക്കുന്നത്. കൊച്ചി മുട്ടം യാർഡിലെ ഏതാണ്ട് നാല് ഹെക്ടർ ഭൂമിയിലാണ് സൗരോർജ്ജ പാനലുകൾ നിരത്തിവച്ചിരിക്കുന്നത്.

നിലവിൽ കൊച്ചി മെട്രോയുടെ ആലുവ മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുളള എല്ലാ സ്റ്റേഷനുകളുടെയും മുകളിലാണ് സൗരോർജ്ജ പാനലുകൾ ഘടിപ്പിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ മുട്ടത്തെ നാല് ഹെക്ടോറോളം വരുന്ന ചതുപ്പ് നിലത്താണ് പാനലുകൾ ഘടിപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം 2.5 ഹെക്ടർ ഭൂമിയിൽ കൂടി പാനലുകൾ ഘടിപ്പിക്കും. ഇതോടെ സൗരോർജ്ജം എല്ലാ മെട്രോ സ്റ്റേഷനുകളിലും ഡിപ്പോകളിലും 13 ഓളം കെട്ടിടങ്ങളിലും ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ,

ഇപ്പോൾ മെട്രോ സ്റ്റേഷനുകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുളള സൗരോർജ്ജ പാനലുകളിൽ നിന്നും നാല് മെഗാവാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ 2.3 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപ്പാദിപ്പിക്കാനാവും. ഇത് ഗ്രിഡ് വഴി ബന്ധിപ്പിച്ചതാണ്. 

പദ്ധതിയുടെ മുഴുവൻ നിക്ഷേപവും പ്രവർത്തനവും തകരാറുകൾ പരിഹരിക്കുന്നതുമെല്ലാം എഎംപി സോളാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ഇവരിൽ നിന്ന് നിശ്ചിത നിരക്കിൽ വൈദ്യുതി വാങ്ങാനാണ് കെഎംആർഎൽ കരാറായിരിക്കുന്നത്.