കെ കൃഷ്ണൻകുട്ടിയാണ് വൈദ്യുതി മന്ത്രി. സിപിഐയിൽ നിന്ന് എടുത്ത് മാറ്റിയ വനം വകുപ്പ് എകെ ശശീന്ദ്രന് കിട്ടും. ഐഎൻഎല്ലിന് തുറമുഖ വകുപ്പും ആന്റണി രാജുവിന് ഗതാഗത വകുപ്പും എന്നാണ് ധാരണ

തിരുവനന്തപുരം: കെകെ ശൈലജയെ ആരോഗ്യ വകുപ്പിൽ നിന്ന് എടുത്ത് മാറ്റിയതോടെ രണ്ടാം പിണറായി സര്‍ക്കാരിൽ ആരോഗ്യ മന്ത്രി ആരാകുമെന്ന നിർണ്ണായത ചോദ്യത്തിന് ഉത്തരമായി . ആറൻമുള എംഎൽഎ വീണ ജോര്‍ജ്ജിനാണ് രണ്ടാം പിണറായി സര്‍ക്കാരിൽ ആരോഗ്യ വകുപ്പിന്‍റെ ചുമതല. കെഎൻ ബാലഗോപാലിന് ധനവകുപ്പും വ്യവസായ വകുപ്പ് പി രാജീവിനും ധാരണയായി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആണ് ആര്‍ ബിന്ദുവിന്. ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് കെ രാധാകൃഷ്ണന് നിശ്ചിച്ചതായാണ് വിവരം. തൊഴിൽ വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതല വി ശിവൻകുട്ടിക്കായിരിക്കും.

പിണറായി വിജയൻ കഴിഞ്ഞാൽ മന്ത്രിസഭയിലെ തന്നെ രണ്ടാമനായി പരിഗണിക്കുന്ന എംവി ഗോവിന്ദന് എക്സൈസ് വകുപ്പും തദ്ദേശ ഭരണ വകുപ്പും നൽകും. സഹകരണം രജിസ്ട്രേഷൻ വകുപ്പുകളാണ് വി എൻ വാസവന് നൽകുന്നത്. പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും മുഹമ്മദ് റിയാസിന് എന്നാണ് ഇപ്പോൾ കിട്ടുന്ന സൂചന. 

വി അബ്ദു റഹ്മാൻ ന്യൂനപക്ഷക്ഷേമം പ്രവാസി കാര്യം വകുപ്പുകളുടെ ചുമതല വഹിക്കും. ഫിഷറീസ് വകുപ്പും സാംസ്കാരിക വകുപ്പും ആണ് ചെങ്ങന്നൂര്‍ എംഎൽഎ സജി ചെറിയാന് തീരുമാനിച്ചിട്ടുള്ളത്. 

തുറമുഖ വകുപ്പ് ഐഎൻഎൽ പ്രതിനിധി അഹമ്മദ് ദേവർകോവിലിന് അനുവദിച്ചു. കഴിഞ്ഞ മന്ത്രിസഭയിൽ എംഎം മണി കൈകാര്യം ചെയ്ത വൈദ്യുതി വകുപ്പ് ജനതാദൾ മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് നൽകാൻ തീരുമാനിച്ചു. സിപിഐയിൽ നിന്ന് എടുത്ത് മാറ്റിയ വനം വകുപ്പ് എകെ ശശീന്ദ്രന് കിട്ടും. ഐഎൻഎല്ലിന് തുറമുഖ വകുപ്പും ആന്റണി രാജുവിന് ഗതാഗത വകുപ്പും എന്നാണ് ധാരണ 

മന്ത്രിസഭയിൽ ഉൾപ്പെട്ടു എന്നത് വലിയ അംഗീകാരം ആയാണ് കാണുന്നത്. വകുപ്പ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇത് വരെ കിട്ടിയിട്ടില്ല, ഏത് വകുപ്പാണെങ്കിലും മികച്ച പ്രവര്‍ത്തനം ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുമെന്നാണ് വീണ ജോര്‍ജ്ജിന്‍റെ പ്രതികരണം. പാര്‍ട്ടി തീരുമാനം വന്ന ശേഷം കൂടുതൽ പ്രതികരണങ്ങൾ ആകാമെന്നും വീണ ജോര്‍ജ്ജ് പറയുന്നു. 

നാല് സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. ഇതുവരെ പുറത്ത് വന്ന വിവരം അനുസരിച്ച് മന്ത്രിമാരുടെയും അനുവദിച്ച വകുപ്പുകളുടേയും പട്ടിക ഇങ്ങനെ :

1. എം.വി.ഗോവിന്ദൻ - തദ്ദേശസ്വയംഭരണം, എക്സൈസ്
2. കെ.എൻ.ബാല​ഗോപാൽ - ധനം
3. പി.രാജീവ് - വ്യവസായം, നിയമം
4. മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം 
5. വീണ ജോ‍ർജ് - ആരോ​ഗ്യം
6. വി.ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ 
7. വി.എൻ.വാസവൻ - സഹകരണം, രജിസ്ടേഷൻ
8. ആ‍ർ.ബിന്ദു - ഉന്നതവിദ്യാഭ്യാസം 
9. കെ.രാധാകൃഷ്ണൻ - ദേവസ്വം, പാ‍ർലമെൻ്ററി കാര്യം
10. വി.അബ്ദുറഹിമാൻ - ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം, സ്പോ‍ർട്സ്, യുവജനകാര്യം 
11. സജി ചെറിയാൻ - സാംസ്കാരികം, ഫിഷറീസ്
12. റോഷി അ​ഗസ്റ്റിൻ - ജലവിഭവം 
13. കെ.കൃഷ്ണൻ കുട്ടി - വൈദ്യുതി 
14. ആൻ്റണി രാജു - ​ഗതാ​ഗതം 
15. അഹമ്മദ് ദേവ‍ർകോവിൽ - തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ് 
16 ​എ.കെ.ശശീന്ദ്രൻ - വനം
17. കെ രാജൻ - റവന്യൂ 
18. പി പ്രസാദ് - കൃഷി 
19. ജി.ആ‍ർ.അനിൽ - ഭക്ഷ്യവകുപ്പ് - പൊതുവിതരണം
20. ചിഞ്ചു റാണി - മൃഗസംരക്ഷണം,ക്ഷീര വികസനം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona