ചരിത്രം കുറിച്ച ഭരണത്തുടർച്ചയായിരുന്നു ഇത്തവണത്തേത്. ഒരുവട്ടം കൂടി തുടരാനുള്ള വൻ തയ്യാറെടുപ്പാണ് നടക്കുന്നത്.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക്. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവും വികസനനേട്ടമായി ഉയർത്തുന്ന സർക്കാർ വീണ്ടുമൊരു ഭരണത്തുടർച്ചക്കുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടിക്കേസും അടുപ്പക്കാരായ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങളുമടക്കം നിരവധി വിവാദ പരമ്പരകളാണ് സർക്കാരിനെ പിടിച്ചുലച്ചത്.

ചരിത്രം കുറിച്ച ഭരണത്തുടർച്ചയായിരുന്നു ഇത്തവണത്തേത്. ഒരുവട്ടം കൂടി തുടരാനുള്ള വൻ തയ്യാറെടുപ്പാണ് നടക്കുന്നത്. അവസാന വർഷത്തേക്കുള്ള രണ്ടാം പിണറായി സർക്കാറിൻറെ കാൽവെയ്പ് ആത്മവിശ്വാസത്തോടെയാണ്. ഉറച്ചഭരണം നൽകാൻ പിണറായിക്ക് മാത്രമേ കഴിയൂ എന്നാണ് ആവർത്തിക്കുന്ന ടാഗ് ലൈൻ. പതിറ്റാണ്ടുകൾ നീണ്ട വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം സാക്ഷാത്കരിച്ചതും സ്ഥലമേറ്റെടുക്കൽ കടമ്പ കടന്നുള്ള പാതാ വികസനവും ഇച്ഛാശക്തിയുടെ പ്രതീകമായി സർക്കാർ ഉയർത്തിക്കാടുന്നു.

ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തുവരുന്ന സർക്കാർ തദ്ദേശ-നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുപ്പിച്ച് പെൻഷൻ തുക വീണ്ടും കൂട്ടാനൊരുങ്ങുന്നു. പഴയ സമരങ്ങൾ മറന്ന് നയം മാറ്റൽ പ്രഖ്യാപിച്ചാണ് സ്വാകാര്യ സർവ്വകലാശാലകൾക്കുള്ള അനുമതി നൽകിയത്. അവകാശപ്പോരാട്ടങ്ങളാണ് ഇടതിന്റെ കരുത്തെങ്കിൽ അധികാരത്തുടർച്ചയിൽ സമരങ്ങളോടെല്ലാം പുച്ഛമാണ്. സമരങ്ങൾ ആരു ചെയ്താലും സർക്കാറിനെതിരാണെങ്കിൽ ഗൂഡാലോചനാ ചാപ്പ കുത്തി നേരിടലാണ് പുതിയ ഇടത് ലൈൻ. വിമർശിക്കുന്ന മാധ്യമങ്ങളെ കേസെടുത്ത് കുടുക്കാനാണ് ആവേശം. നായകനായി വീണ്ടും ഉയർത്തിക്കാട്ടുന്ന പിണറായിയെ ചുറ്റിപ്പറ്റിത്തന്നെയാണ് വിവാദക്കൊടുങ്കാറ്റുകൾ. മുഖ്യമന്ത്രിയുടെ കുടുംബവും ഓഫീസും വീണ്ടും വീണ്ടും സംശയനിഴലിൽ. മാസപ്പടി കേസിൽ മകൾക്കെതിരായ പ്രോസിക്യൂഷൻ അനുമതിയും ദേശീയ ഏജൻസികളുടെ അന്വേഷണവും മുഖ്യമന്ത്രിയുടെ മാത്രമല്ല സർക്കാറിൻറെ പ്രതിച്ഛായക്കും കളങ്കമായി.

കേസുകൾ വന്നാലും ആരോപണപ്പെരുമഴകൾ ഉയർന്നാലും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെങ്കിൽ പിന്തുണ ഉറപ്പാണ്. എംആർ അജിത് കുമാർ മുതൽ കെ എം എബ്രഹാം വരെ നീളുന്നു രക്ഷാ കരം. ചെയ്ത കാര്യങ്ങളെക്കാൾ പ്രതിപക്ഷത്തെ ഭിന്നതയിലുമുണ്ട് സർക്കാറിന് പ്രതീക്ഷ. എത്ര അഴിച്ചുപണിതാലും പിണറായിക്കൊത്ത എതിരാളി എതിർചേരിയില്ലെന്നാണ് ഇടത് വിലയിരുത്തൽ. ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും ചേലക്കര ഒഴികെയുള്ള ഉപതെരഞ്ഞെടുപ്പുകളിൽ കാലിടറി. ലോക് സഭാ തെരഞ്ഞെടുപ്പിലും നേരിട്ടത് വൻ തിരിച്ചടിയാണ്. ഇപ്പോൾ കണ്ടതൊന്നുമല്ല, ലാസ്റ്റ് ലാപ്പാണ് മെയിൻ. തെരഞ്ഞെടുപ്പുകളുടേയും കൂട്ടപ്പൊരിച്ചിലിൻറെയും ഇനിയുള്ള നാളുകൾ നിർണ്ണായകം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം