ഉപ്പ് മുതൽ കര്‍പ്പൂരം വരെ വിലക്കയറ്റമെന്ന് അതിശയോക്തി ഇല്ലാതെ പറയാനാവും. പാലും പച്ചക്കറിയും മറ്റ് അവശ്യ സാധനങ്ങളും തുടങ്ങി മരുന്നിനും മദ്യത്തിനും വരെ വില കൂടി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം സാധാരണക്കാരന് നടുവൊടിക്കുന്ന വിലക്കയറ്റത്തിന്റെ കാലം കൂടിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും തനത് വരുമാനം കൂട്ടാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അസാധാരണ പരിഷ്കാരങ്ങൾ ജനങ്ങളുടെ ജീവിത ചെലവ് കുത്തനെ കൂട്ടി. നികുതി നിരക്കുകളുടെ വര്‍ദ്ധനവിനൊപ്പം വിവിധ സെസ്സുകളടക്കം കേന്ദ്ര സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങൾ നടപ്പിൽ വന്നതോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് പൊതുജനം.
ഉപ്പ് മുതൽ കര്‍പ്പൂരം വരെ വിലക്കയറ്റമെന്ന് അതിശയോക്തി ഇല്ലാതെ പറയാനാവും. പാലും പച്ചക്കറിയും മറ്റ് അവശ്യ സാധനങ്ങളും തുടങ്ങി മരുന്നിനും മദ്യത്തിനും വരെ വില കൂടി. പെട്രോളിയം കമ്പനികൾ വില കൂട്ടി മാസങ്ങളായെങ്കിലും ബജറ്റിൽ ഏര്‍പ്പെടുത്തിയ സാമൂഹ്യ ക്ഷേമ സെസ് കാരണം കേരളത്തിൽ കൂടിയത് ലിറ്ററിന് 2 രൂപ വീതമാണ്. ഭൂമിയുടെ ന്യായവില കൂടിയത് 20 ശതമാനവും, ആനുപാതിക വർധനവ് രജിസ്ട്രേഷൻ ഫീസിലുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ 1000 കോടിയുടെ വര്‍ദ്ധന ലക്ഷ്യമിട്ട പരിഷ്കാരങ്ങളും സാധാരണക്കാരന് അധികബാധ്യതയായി.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അടക്കം വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടി വൻ പ്രതിഷേധത്തിനും വഴിവച്ചു. പ്രതിപക്ഷത്തിന് മാത്രമല്ല സ്വന്തം പാര്‍ട്ടിക്ക് വരെ എതിരഭിപ്രായമുള്ള തീരുമാനം ഉടനടി പുനപരിശോധിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. പോയ സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തിൽ ഉണ്ടായത് 10000 കോടിയുടെ വര്‍ദ്ധനയെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക കണക്ക്. ചെലവിൽ ചുരുക്കാനായത് 20000 കോടിയും. തെരഞ്ഞെടുപ്പ് അടക്കം പ്രത്യേകിച്ച് ഒരു ബാധ്യതയും ഇല്ലാതിരുന്ന നടപ്പ് സാമ്പത്തിക വര്‍ഷം അടിച്ചേൽപ്പിച്ച കടുത്ത തീരുമാനങ്ങൾ വര്‍ഷാവസാന കണക്കെടുപ്പിൽ എന്ത് ചലനമുണ്ടാക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഖജനാവിനുണ്ടാകുന്ന മാറ്റത്തിന്റെ ഗുണദോഷങ്ങൾ രണ്ടാം പിണറായി സര്‍ക്കാരിന് മാര്‍ക്കിടുമെന്നത് ഉറപ്പാണ്.

