Asianet News MalayalamAsianet News Malayalam

'അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറെ മര്‍ദ്ദിക്കാന്‍ ശ്രമം'; കസ്റ്റംസിനെതിരെ ഇടതുസംഘടന

പേപ്പർ വെയിറ്റ് എറിഞ്ഞും ഭീഷണിപ്പെടുത്തിയും നിരപരാധിയെ കുറ്റക്കാരാക്കാൻ ശ്രമിക്കുന്നുവെന്നാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ആരോപണം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അസോസിയേഷന്‍ പരാതി കൊടുത്തു. 
 

secretariat employee association  against customs
Author
Trivandrum, First Published Jan 11, 2021, 5:45 PM IST

കൊച്ചി: സ്വർണ്ണകടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിച്ച അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് മർദ്ദിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി സെക്രട്ടറിയേറ്റിലെ ഇടത് സംഘടന. സ്വര്‍ണ്ണകടത്തുകേസില്‍ അസി.പ്രോട്ടോകോള്‍ ഓഫീസർ ഹരികൃഷ്ണന്‍റെ മൊഴി രേഖപ്പെടുന്നതിനിടെ കസ്റ്റംസ് അസി.കമ്മീഷണർ ലാലു ഭീഷണിപ്പെടുത്തുകയും അസഭ്യപറയുകയും ചെയ്തതെന്നാണ് പരാതി. പേപ്പർ വെയിറ്റ് എറിഞ്ഞും ഭീഷണിപ്പെടുത്തിയും നിരപരാധിയെ കുറ്റക്കാരാക്കാൻ ശ്രമിക്കുന്നുവെന്നാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ആരോപണം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അസോസിയേഷന്‍ പരാതി കൊടുത്തു. 

ഇതിന് പിന്നാലെ തരമറിഞ്ഞു കളിക്കണം എന്ന ഭീഷണിയുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ പേരെടുത്ത് പറഞ്ഞ് സംഘടന നോട്ടീസും ഇറക്കി. കേന്ദ്രത്തിലെ മോട്ടോഭായിയുടെയും ഛോട്ടാഭായിയുടെയും പാദസേവകരായ ഏതെങ്കിലും പടുജന്മങ്ങള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ മൂക്കിൽ കയറ്റാമെന്ന് വിചാരിക്കേണ്ടെന്ന് ആക്ഷേപിച്ചാണ് നോട്ടീസ്. കേന്ദ്രം വിലയ്ക്ക് വാങ്ങിയ കൂട്ടിലടച്ച ലാലുമാർ മാത്രമല്ല സാക്ഷാൽ മുത്തുപട്ടർവന്നാലും സംഘടനയുടെ ശക്തി അറിഞ്ഞേ പോകൂയെന്നും മുന്നറിയിപ്പ് ഉണ്ട്. കസ്റ്റംസിനെതിരെ സംഘടന ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതി കസ്റ്റംസ് കമ്മീഷണർക്ക് കൈമാറും. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് നൽകിയ പരാതി കൊച്ചി സിറ്റിപൊലീസ് കമ്മീഷണർക്കും കൈമാറും. സർക്കാർ ഔദ്യോഗികമായി പരാതി അറിയിച്ചാൽ കസ്റ്റംസ് മറുപടി നൽകും.

Follow Us:
Download App:
  • android
  • ios