തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തതിലെ ദുരൂഹത മാറുന്നില്ല. തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയ ഫോറൻസിക് വിഭാഗം നൽകിയ അന്തിമ റിപ്പോർട്ടിലും ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത തള്ളിക്കളയുന്നു. അഗ്നിബാധയിൽ ഫാൻ ഉരുകി പോയെങ്കിലും ഇതിൻ്റെ കാരണം വ്യക്തമല്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. 

തീപിടിത്തം നടന്ന സ്ഥലത്ത് നിന്നും കുറച്ചു മാറി രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവ തീപിടിത്തതിന് കാരണമായോ എന്ന് പരിശോധിക്കണം. തീപിടിത്തതിൻ്റെ കാരണം വ്യക്തമാകാത്തതിനാൽ വിദഗ്ധ ഫോറൻസിക് പരിശോധന വീണ്ടും നടത്താനും ആലോചനയുണ്ട്. 

ബെംഗലൂരുവിലോ ഡൽഹിയിലോ പരിശോധനയ്ക്ക് സാമ്പിൾ അയക്കാനാണ് ആലോചന. ഫാൻ ഉരുകി തീപിടിത്തമുണ്ടായതിനെ കുറിച്ച് കൃത്യമായ കാരണം കണ്ടെത്താനുള്ള സംവിധാനമില്ലെന്ന് ഫൊറൻസിക് ലാബ് റിപ്പോർട്ടിൽ വ്യക്തമാകുന്നു. പരിശോധനക്കായി മികച്ച സംവിധാനമുള്ള ലാബിന് കൈമാറാനും അന്വേഷണ സംഘത്തോട് ഫൊറൻസിക് വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.