തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഇന്നു മുതൽ സായുധ പൊലീസിൻ്റെ സുരക്ഷ. സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സായുധ പൊലീസ് സുരക്ഷയ്ക്ക് പുറമെ നിയന്ത്രണങ്ങളും കർശനമാക്കുന്നത്. 

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം, തുടർന്ന് അരങ്ങേറിയ പ്രതിഷേധങ്ങൾ, സെക്രട്ടേറിയറ്റിനുള്ളിൽ ചാടിക്കടന്നുള്ള പ്രതിഷേധങ്ങൾ ഇവയ്ക്കൊക്കെ ഇടയിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിൽ വരുന്നത് വൻ മാറ്റങ്ങളും നിയന്ത്രണങ്ങളുമാണ്. സെക്രട്ടേറിയറ്റ് സെക്യൂരിറ്റി വിഭാഗത്തിൽ നിന്നും സുരക്ഷയുടെ പൂർണ ചുമതല എസ്ഐഎസ്എഫ് ഏറ്റെടുക്കുന്നത് ഇതിന്റെ ആദ്യപടി. 

ആദ്യ ഘട്ടത്തിൽ 27 സേനാംഗങ്ങള്‍ ഇന്ന് സെക്രട്ടേറിയറ്റിന് സുരക്ഷ ഏറ്റെടുക്കും. 81 പേരടങ്ങുന്ന സായുധ പൊലിസ് സംഘത്തിൽ 9 പേർ വനിതകളാണ്. നിലവിൽ വിമുക്ത ഭടൻമാർക്കാണ് ഗേറ്റുകളിൽ സുരക്ഷയൊരുക്കുന്നത്. സെക്രട്ടേറിയറ്റിനുള്ളിലെ പാർക്കിംങ്ങ് നിയന്ത്രിക്കും. മന്ത്രിമാരടക്കം വിഐപികൾക്ക് പ്രത്യേക ഗേറ്റ്. വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്നവർക്ക് പ്രവേശനം പ്രത്യേക ഗേറ്റിലൂടെയായിരിക്കും. 

ഇങ്ങനെ എത്തുന്നവരെ സുരക്ഷാ ജീവനക്കാർ അനുഗമിക്കും. കർശന പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തും. പ്രവേശനത്തിനായി പാസ്, സ്കാനർ, എന്നിവയും പഴുതടച്ച സുരക്ഷയ്ക്കായി സിസിടിവി, ലൈറ്റുകൾ, ആധുനിക സംവിധാനങ്ങളും എന്നിവയും നിലവിൽ വരും. അനധികൃതമായി ആർക്കും പ്രവേശനമുണ്ടാകില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയോ തീവ്രവാദ ആക്രമണമോ ഉണ്ടായാൽ പോലും തടയാനുതകുന്ന തരത്തിലാണ് ഇവ. അഗ്നിസുരക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കും. പരിഷ്കരണങ്ങളുടെ ഭാഗമായി പ്രധാന ഗേറ്റായ കന്റോൺമെന്റ് ഗേറ്റ് 27 ലക്ഷത്തിലധികം രൂപ ചെലവിട്ട് പുനസ്ഥാപിക്കാൻ ഇതിനോടകം തീരമാനമായി.