സി.പി.എം വയനാട് ഘടകത്തിൽ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങൾ.
കൽപ്പറ്റ: സിപിഎം. വയനാട് ഘടകത്തിലെ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. പാർട്ടിയിൽ കടുത്ത പൊട്ടിത്തെറികൾ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ആദ്യമായി സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഈ മാസം 15-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെകെ. ശൈലജ, എംവി ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. മറ്റ് സംഘടനാ വിഷയങ്ങളോടൊപ്പം വയനാട് സി.പി.എമ്മിലെ പ്രശ്നങ്ങളും നേതാക്കൾ പരിഗണിക്കും.
വയനാട്ടിലെ മുതിർന്ന നേതാവ് എവി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സി.പി.എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്. ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ്. ഇതോടെ സി.പി.എം. ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായി. എ.വി. ജയന് എതിരായ നടപടി കടുത്ത വിഭാഗീയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.
കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷനെ വെച്ച സിപിഎം, റിപ്പോർട്ടിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു. പുൽപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്.
വയനാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചേരിതിരിവാണ് നടപടിയിലേക്ക് നയിച്ചതെന്ന് വിമർശനമുണ്ട്. നടപടി വിഭാഗീയതയുടെ ഭാഗമാണെന്ന് തുറന്നടിച്ച് ജയൻ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം കടുപ്പിച്ചു. 'ഭൂരിപക്ഷമുള്ള വിഭാഗത്തിനൊപ്പം നിൽക്കാത്തതാണ് തന്റെ തെറ്റ്,' എന്നും ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘താലിബാൻ മോഡലിൽ ഏകാധിപത്യപരമായി പോകാൻ സി.പി.എമ്മിനാകില്ല,’ എന്നും ജയൻ കൂട്ടിച്ചേർത്തു.
'അധികാരം പിടിച്ചെടുക്കാനുള്ള തർക്കമാണിത്. നിലവിൽ ഭൂരിപക്ഷമുള്ള വിഭാഗത്തിനൊപ്പം നിൽക്കാത്തതാണ് പോരായ്മയെങ്കിൽ അത് ചെയ്തിട്ടുണ്ടെന്നും അത് തന്നെയാണ് നിലപാടെന്നും' ജയൻ വിശദീകരിച്ചു. 'നിലവിലെ നേതൃത്വത്തിനൊപ്പം നിൽക്കാത്തവരെ അടിച്ചമർത്തുന്ന രീതിയാണ് നടക്കുന്നതെന്നും ഇത്തരം താലിബാൻ മോഡൽ അല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ ശൈലിയെന്ന് ഓർക്കണമെന്നും" ജയൻ മുന്നറിയിപ്പ് നൽകി.
നേരത്തെ ജില്ലാ സമ്മേളനത്തിൽ വയനാട്ടിൽ വലിയ അട്ടിമറിയാണ് നടന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന പി. ഗഗാറിനെ വെട്ടി കെ. റഫീഖാണ് പുതിയ സെക്രട്ടറിയായത്. മുൻ ജില്ലാ സെക്രട്ടറിയായ സി.കെ. ശശീന്ദ്രൻ്റെ പിന്തുണയോടെയായിരുന്നു റഫീഖിൻ്റെ അട്ടിമറി. ഇതോടെ ജില്ലയിലെ സിപിഎമ്മിനുള്ളിൽ ചേരിതിരിവ് രൂക്ഷമാകുകയായിരുന്നു.
ജയൻ അടക്കമുള്ളവർ തരംതാഴ്ത്തൽ ഈ ചേരിതിരിവിൻ്റെ ഭാഗമായാണ് കാണുന്നത്. അതുകൊണ്ടുതന്നെയാണ് ജയൻ്റെ തരംതാഴ്ത്തലിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നതും. സി.കെ. ശശീന്ദ്രൻ പങ്കെടുത്ത കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിലടക്കം ഈ വിഷയത്തിൽ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് അനുനയ നീക്കത്തിന് പാർട്ടി നേതൃത്വം ശ്രമം തുടങ്ങിയത്.
