വഖഫ് ബോർഡ് നിയമനക്കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ സുപ്രഭാതം മുഖപ്രസംഗം നിശിതമായി വിമർശിക്കുന്നു. ഈ വീഴ്ച തിരുത്തി പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിൽക്കണമെന്ന് എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.
കോഴിക്കോട്: വഖഫ് ബോർഡ് അംഗങ്ങളുടെ നിയമനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടിലെ നിഗൂഢത മതേതര കേരളത്തെ കഠിനമായി ആശങ്കപ്പെടുത്തുന്നുവെന്ന് മുഖപ്രസംഗം വിമർശിക്കുന്നു. ബോർഡ് നിയമനം കേന്ദ്ര വഖ്ഫ് നിയമ ഭേദഗതി പ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ചല്ലെന്ന ഹരജിക്കാരുടെ വാദങ്ങളെ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ അംഗീകരിച്ചതോടെയാണ് വഖ്ഫ് ബോർഡ് പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാനുള്ള ഉത്തരവുണ്ടായത്. വാക്ക് പാലിക്കാനുള്ളതാണെന്നും നിലപാടാണ് കരുത്തെന്നും ആവർത്തിക്കുന്ന ഭരണ നേതൃത്വം ഇത്തരം ഇരട്ടത്താപ്പുകളെ എന്തിന്റെ പേരിലാണ് ന്യായീകരിക്കുകയെന്ന് എഡിറ്റോറിയൽ ചോദിക്കുന്നു.
മുനമ്പം വിഷയത്തിൽ യുഡിഎഫിൽ ഐക്യപ്പെട്ട തീരുമാനം വരുന്നതിന് മുമ്പായി അത് വഖ്‌ഫ് ഭൂമിയല്ലെന്ന് പരസ്യമായി ഭരണ നേതൃത്വം പ്രഖ്യാപിച്ചത് നാക്കുപിഴ മാത്രമാണോയെന്നും എഡിറ്റോറിയൽ ചോദിക്കുന്നു. വഖ്ഫ് കേസിൽ സർക്കാരിന് പറ്റിയ വീഴ്ച തിരുത്തി പ്രഖ്യാപിത നിലപാടിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കാനുള്ള ആർജവം ഭരണ നേതൃത്വം കാട്ടണം. അതല്ല, സാങ്കേതിക നടപടിക്രമം എന്ന ഓമനപ്പേരിൽ ചെയ്തുപോയ വീഴ്ചകളെ ന്യായീകരിക്കുന്നത് തുടരുകയാണെങ്കിൽ ഒപ്പം നിന്ന മതേതര മനസുകൾ കൂടുതൽ അകലം പാലിക്കുന്നത് അതിവിദൂരമാവില്ലെന്നും സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം സർക്കാരിനെ ഓർമിപ്പിക്കുന്നു.
സുപ്രഭാതത്തിന്‍റെ എഡിറ്റോറിയൽ
വഖഫ് ബോർഡ് അംഗങ്ങളുടെ നിയമനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ബോർഡിൽ അമുസ്ലിം, ശിയാവിഭാഗങ്ങളെ ഉൾപ്പെടുത്താത്തതും ചില അംഗങ്ങളുടെ യോഗ്യത ചോദ്യം ചെയ്തും സമർപ്പിച്ച നാലോളം പൊതുതാൽപര്യ ഹരജികൾ പരിഗണിച്ച ഹൈക്കോടതി വഖ്ഫ് ബോർഡ് പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ചതിലല്ല, ആ നിഗമനത്തിലേക്ക് കോടതിയെ എത്തിക്കുന്നതിൽ അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടിലെ നിഗൂഢതയാണ് മതേതര കേരളത്തെ കഠിനമായി ആശങ്കപ്പെടുത്തുന്നത്.
ബോർഡ് നിയമനം കേന്ദ്ര വഖ്ഫ് നിയമഭേദഗതി പ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ചല്ലെന്ന ഹരജിക്കാരുടെ വാദങ്ങളെ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ അംഗീകരിച്ചതോടെയാണ് വഖ്ഫ് ബോർഡ് പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാനുള്ള ഉത്തരവുണ്ടായത്. ഇവിടെ ചില നിയമപരമായ വസ്‌തുതകൾ അത്യന്തം ഗൗരവമുള്ളതാണ്. വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ കേസിലെ തീർപ്പ് തേടിയാണ്, പല സംസ്ഥാനങ്ങളും വഖ്ഫ് പുനഃസംഘടനയും അനുബന്ധ നടപടികളും താൽക്കാലികമായി നിർത്തിവച്ചത്. ചില സംസ്ഥാനങ്ങൾ ഈ സാഹചര്യം ചൂണ്ടിക്കാട്ടി വഖ്ഫ് ബോർഡിലേക്ക് അമുസ്ലിംകളടക്കമുള്ള അംഗങ്ങളെ നിയമിക്കാൻ തയാറായതുമില്ല. കേരളവും ആ രീതിയിലാണ് നിയമനം നടത്തിയത്. എന്നാൽ, ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ സർക്കാരിന്റെ നിലപാട് നിർണായകമായിരുന്നു. പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ നിയമപരമായ തീർപ്പിനുശേഷം നിയമനത്തിലെ സംവരണകാര്യമുൾപ്പെടെ സ്പഷ്ടീകരിക്കാമെന്ന് സർക്കാരിന് സത്യവാങ്മൂലം നൽകാൻ കഴിയുമായിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ അതല്ല എ.ജി സ്വീകരിച്ച നിലപാട്. ഹരജിക്കാരുടെ വാദമുഖങ്ങളെ തത്വത്തിൽ അംഗീകരിച്ച് നൽകുകയായിരുന്നു എ.ജി. കോടതിയിൽ എ.ജി നടത്തിയത് സർക്കാരിന്റെ നിലപാടായതിനാൽ അത് കേസിന്റെ തുടർനടപടികളിലും പ്രതിഫലിച്ചേക്കാം.
അതേസമയം, നിലവിലിരിക്കുന്ന നിയമം അനുസരിക്കുക എന്ന സാമാന്യതത്വമാണ് ഹൈക്കോടതി കേസിൽ സർക്കാർ പിന്തുടർന്നത് എന്ന് നിഷ്കളങ്കരായ ചില നിരീക്ഷകർ വക്കാലത്ത് പറയുന്നുണ്ട്. നിയമത്തിന്റെ പ്രാഥമിക ബോധമില്ലായ്മ കൂടിയാണത്. കേന്ദ്രസർക്കാർ പാസാക്കിയ വഖ്ഫ് നിയമം ചോദ്യം ചെയ്‌ത് സമസ്ത ഉൾപ്പെടെ രാജ്യത്തെ പ്രമുഖ മുസ് ലിം സംഘടനകളും ലീഗ്, ഇതര രാഷ്ട്രീയ പാർട്ടികളും വ്യക്തികളും സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഹരജിയിൽ കോടതി പ്രാഥമിക നടപടികൾ തുടങ്ങുകയും ചെയ്തു. അതായത് കേന്ദ്രം പാസാക്കിയ നിയമം സുപ്രിംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന ഭരണഘടനാപരവും സവിശേഷവുമായ സാഹചര്യം നിലവിലുണ്ടെന്ന് ചുരുക്കം. കോടതിയിലുള്ള വിഷയത്തിൽ തീർപ്പുണ്ടാകുന്നതുവരെ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നോ അതല്ല കോടതിവിധിക്ക് വിധേയമായി തീർപ്പ് കൽപ്പിക്കാമെന്നോ പറയാമെന്നിരിക്കെ, വീണ്ടുവിചാരമോ വിഷയത്തിന്റെ അതീവ ഗൗരവാവസ്ഥ മനസിലാക്കാതെയോ കേരള സർക്കാർ ഏകപക്ഷീയ നിലപാട് സ്വീകരിച്ചതാണ് ഞെട്ടിച്ചത്.
വഖ്ഫ് വിഷയത്തിൽ ഇക്കാലമത്രയും യു.ഡി.എഫ് ഉൾപ്പെടെയുള്ള മതേതര ചേരി ഉയർത്തിപ്പിടിച്ച വ്യക്തമായ നിലപാടിന്റെ നിരാസത്തിനുകൂടി വഴിതുറക്കുകയാണ് എന്നത് അത്യന്തം ആശങ്കാജനകമാണ്. മോദി സർക്കാർ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശാധികാരങ്ങളും മതപരമായ നിഷ്കർഷകളും റദ്ദാക്കുക എന്ന ലക്ഷ്യത്തോടെ പാസാക്കിയ വഖ്ഫ്ഭേദഗതി നിയമത്തെ ഇൻഡ്യാ സഖ്യം എതിർത്തത്, ഇതര മതവിഭാഗ പ്രാതിനിധ്യമടക്കമുള്ള വിവാദ വ്യവസ്ഥകളുടെ പേരിലായിരുന്നു. എന്നാൽ അതേ വ്യവസ്ഥ പ്രകാരം അമുസ്ലിംകളെ വഖ്ഫ് ബോർഡിൽ കുടിയിരുത്താനുള്ള അവസരമൊരുക്കുകയാണ് ഹൈക്കോടതിയിലെ മനഃപൂർവ നടപടിയിലൂടെ സർക്കാർ അഭിഭാഷകൻ ചെയ്‌തത്. ഒന്നുകിൽ ഭരണനേതൃത്വം നേരത്തെ എടുത്ത നിലപാടിൽനിന്ന് പിന്നോക്കം പോകുന്നു. അല്ലെങ്കിൽ തങ്ങളുയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങളോട് തെല്ലും ആത്മാർഥത കാട്ടില്ലെന്ന് തെളിയിക്കുന്നു. ഭരണ നേതൃത്വത്തിലെ പ്രധാന പാർട്ടി കക്ഷി ചേർന്ന ഒരു സുപ്രധാന കേസിന്റെ നിലനിൽപ്പിനെപ്പോലും ചോദ്യം ചെയ്യുന്ന നിലപാട് അതേ സർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ നിരത്തിയത് യാദൃച്ഛികമെന്ന് പറഞ്ഞ് ന്യായീകരിക്കാനാകുമോ. വാക്ക് പാലിക്കാനുള്ളതാണെന്നും നിലപാടാണ് കരുത്തെന്നും ആവർത്തിക്കുന്ന ഭരണനേതൃത്വം ഇത്തരം ഇരട്ടത്താപ്പുകളെ എന്തിന്റെ പേരിലാണ് ന്യായീകരിക്കുക.
മുനമ്പം വിഷയത്തിൽ യു.ഡി.എഫിൽ ഐക്യപ്പെട്ട തീരുമാനം വരുന്നതിന് മുമ്പായി അത് വഖ്‌ഫ് ഭൂമിയല്ലെന്ന് പരസ്യമായി ഭരണനേതൃത്വം പ്രഖ്യാപിച്ചത് നാക്കുപിഴ മാത്രമാണോ. വഖ്ഫുമായി ബന്ധപ്പെട്ട ഈ നിലപാടുകൾ ആർക്കു വേണ്ടിയാണെന്നും ആരുടെ താൽപര്യത്തിലാണെന്നും സർക്കാർ വ്യക്തമാക്കേണ്ടിയിരിക്കുന്നു. വികസന, സാമൂഹികസുരക്ഷാ പദ്ധതികളിലൂടെ ജനങ്ങളുടെ പിന്തുണ തേടി, പുതുകേരള സൃഷ്ടിക്കുള്ള കളമൊരുക്കിയ വി.ഡി സതീശൻ സർക്കാരിന്റെ മതേതര പ്രതിച്ഛായയ്ക്ക് ഇത്തരം വീഴ്ചകൾ കളങ്കമേൽപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. ചില കാര്യങ്ങളിലെ ഗുരുതര വീഴ്ചകൾ കേരളത്തിന്റെ മതേതര മനസിനെ വല്ലാതെ വേദനിപ്പിക്കുന്നതാണ്, ആശങ്കപ്പെടുത്തുന്നതാണ്. സർക്കാർ ആർക്കൊപ്പമാണെന്ന് ചോദിക്കുന്നവരുടെ ആകുലതകൾ കാണാതെ പോകരുത്. വഖ്ഫ് കേസിൽ സർക്കാരിന് പറ്റിയ വീഴ്ച തിരുത്തി പ്രഖ്യാപിത നിലപാടിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കാനുള്ള ആർജവം ഭരണ നേതൃത്വം കാട്ടണം. അതല്ല, സാങ്കേതിക നടപടിക്രമം എന്ന ഓമനപ്പേരിൽ ചെയ്തുപോയ വീഴ്ചകളെ ന്യായീകരിക്കുന്നത് തുടരുകയാണെങ്കിൽ ഒപ്പം നിന്ന മതേതര മനസുകൾ കൂടുതൽ അകലം പാലിക്കുന്നത് അതിവിദൂരമാവില്ല.
