ഈ മാസം 24 ന് നടത്താൻ തീരുമാനിച്ചിരുന്ന ഗൾഫ് - യൂറോപ്പ് ഉച്ചകോടി മാറ്റി വെച്ചു. ഉച്ചകോടിക്ക് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. ഈ ഒക്ടോബറിൽ മാത്രം റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ഭാഗത്തുനിന്ന് 20 തവണയാണ് ആക്രമണമുണ്ടായെന്ന് സൗദി
റിയാദ്: ഹൂത്തി-സൗദി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകളെ തുടർന്ന് റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിർണായക ഗൾഫ് - യൂറോപ്പ് ഉച്ചകോടി മാറ്റി വെച്ചു. ഈ മാസം 24 ന് നടത്താൻ തീരുമാനിച്ച ഉച്ചകോടിക്ക് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. ഉച്ചകോടിയുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. മേഖലയിലെ കലുഷിതമായ സാഹചര്യങ്ങളുടെ ഗൗരവം വെളിപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടു. ഈ ഒക്ടോബറിൽ മാത്രം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ഭാഗത്തുനിന്ന് 20 തവണയാണ് ആക്രമണങ്ങൾ ഉണ്ടായത്. ഈ ഭീകരാക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 333 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ഔദ്യോഗികമായി അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇത്തരം ക്രൂരമായ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ഹൂത്തികളോട് സൗദി ശക്തമായി ആവശ്യപ്പെട്ടു.
ഇറാനെതിരെ പരോക്ഷ വിമർശനം
ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളെന്ന പരോക്ഷ വിമർശനം ഇറാനെതിരെയും സൗദി ഉയർത്തിയിട്ടുണ്ട്. ഉയർന്ന മലനിരകളിൽ സംഭരണ കേന്ദ്രങ്ങൾ ഒരുക്കി അയൽരാജ്യങ്ങളെ ആക്രമിക്കാൻ ഹൂത്തികൾ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും, ഇതിൽ 127 കേന്ദ്രങ്ങൾ തകർത്തെതായും സൗദി വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും സ്ഫോടന ശേഷിയുള്ള സ്പീഡ് ബോട്ടുകളും സ്വന്തമാക്കാനും അത്യാധുനിക സാങ്കേതിക സഹായങ്ങൾ ലഭിക്കാനും ഹൂത്തികൾക്ക് മേഖലയിൽ നിന്ന് തന്നെ ഒത്താശ ലഭിക്കുന്നുണ്ടെന്നും സൗദി ആരോപിച്ചു. നിലവിൽ മിസൈൽ ശേഷിയുള്ള ഏക തീവ്രവാദ സംഘടനയാണ് ഹൂത്തികളെന്നും ചൂണ്ടിക്കാണിച്ച സൗദി, അത് എങ്ങനെയാണെന്ന ചോദ്യവും ഉയർത്തി.
മദീന ആക്രമണത്തിന്റെ പേരിൽ തർക്കം
അതേസമയം സൗദി-ഹൂത്തി സംഘർഷത്തിനിടെ വിശുദ്ധ നഗരമായ മദീനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ വൻ തർക്കം തുടരുകയാണ്. സൗദിക്കും ഹൂത്തികൾക്കും ഇടയിൽ ഇന്ന് താരതമ്യേന ശാന്തമായ പകലായിരുന്നു. ഇതിനിടയിലാണ് മദീന ലക്ഷ്യമാക്കി ക്രൂസ് മിസൈലെത്തിയെന്നും അത് തകർത്തെന്നും വ്യക്തമാക്കി സൗദി രംഗത്തെത്തിയത്. പിന്നാലെ ഹൂത്തികളുടെ വിശദീകരണമെത്തി. ഇന്ന് സൗദിയെ ഒരിടത്തും ആക്രമിച്ചിട്ടില്ലെന്നും മദീന ആക്രമിച്ചുവെന്നത് തെറ്റായ വിവരമാണെന്നും ഹൂത്തികൾ വിവരിച്ചു. വിഷയത്തിൽ പുതിയ പ്രസ്താവനകളോ മറ്റോ ആയി കൂടുതൽ കക്ഷികൾ രംഗത്തെത്തിയിട്ടില്ല.

