തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സുരക്ഷാ വിഭാഗം ജീവനക്കാരന്‍ ജോലി ചെയ്തിരുന്നത് ആശുപത്രിയിലെ പ്രധാന ഗേറ്റില്‍. ആളുകളെ നിയന്ത്രിക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നത്. 55 വയസുള്ള കരിക്കകം സ്വദേശിക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.

ജൂൺ 16ന് പനിയും അമിത ക്ഷീണവും അനുഭവപ്പെട്ടു. ജൂൺ 17ന് കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇന്ന് പുറത്ത് വിട്ട കൊവിഡ് കണക്കുകളിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ആകെ നാല് പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിരിക്കുന്നത്.

"

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ചികിത്സ നടക്കുന്ന ഒരു ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗം പടര്‍ന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇദ്ദേഹം എത്ര ദിവസം ആശുപത്രിയില്‍ ജോലി ചെയ്തുവെന്നും മറ്റും കണ്ടെത്തി സമ്പര്‍ക്ക പട്ടിക തയാറാക്കുക ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ്. അതേസമയം, കൊവിഡ് ആശങ്കയെ തുടര്‍ന്ന് തലസ്ഥാനത്തെ മാളുകളിലും ചന്തകളിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ വ്യക്തമാക്കിയിരുന്നു.

ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാകും കടകള്‍ തുറക്കുക എന്നും മേയര്‍ അറിയിച്ചു. പാളയം, ചാല മാർക്കറ്റുകളില്‍ അമ്പത് ശതമാനം കടകള്‍ മാത്രം പ്രവർത്തിക്കും. കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ പുട്ടുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരത്തിൽ രോഗം ബാധിച്ച ഓട്ടോ ഡ്രൈവർ ഉൾപ്പടെ ഉള്ളവർക്ക് ഏങ്ങനെ രോഗം വന്നുവെന്ന് അറിയാത്തത് ഗൗരവമായ പ്രശ്നമാണെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. കേരളത്തില്‍ ഇന്ന് 138 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.