ശമ്പളത്തിനുള്ള പണം വായ്പയായി അനുവദിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചെങ്കിലും തിരിച്ചടയ്ക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മാനസികാരോഗ്യ കേന്ദ്രം ഡയറക്ടര്‍ തുക നിരസിച്ചു.
തിരുവനന്തപുരം: ഒരു വര്‍ഷമായി ശമ്പളമില്ലാതെ പേരൂര്‍ക്കട (Peroorkada) മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍. ആശുപത്രി വികസന ഫണ്ടില്‍ പണമില്ലാതായതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയത്. പന്ത്രണ്ട് ജീവനക്കാരാണ് ഒരു വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. ആശുപത്രി വികസന ഫണ്ടില്‍ നിന്നാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഇന്‍റേണ്‍ഷിപ്പിന് നല്‍കുന്ന ഫീസാണ് ആശുപത്രി വികസന സമിതിയുടെ പ്രധാന വരുമാന മാര്‍ഗം. കൊവിഡ് കാരണം രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല. ഇപ്പോള്‍ 20 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്. വരുമാനം അടഞ്ഞതോടെ സുരക്ഷാ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ജീവനക്കാര്‍ ആറ് മാസം മുൻപ് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് 39 ലക്ഷം രൂപ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ വായ്പയായി അനുവദിച്ചു.
എന്നാല്‍ തിരിച്ചടവിന് പ്രത്യേകിച്ച് വരുമാനമില്ലാത്തതിനാല്‍ ഈ തുക വേണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ അറിയിച്ചതോടെ ഇവരുടെ പ്രതീക്ഷ മങ്ങി. സത്നാം സിങ്ങിന്‍റെ മരണത്തിന് ശേഷം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിക്കാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ മേല്‍നോട്ടം. അതുകൊണ്ട് കോടതിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. കുതിരവട്ടത്തും തൃശ്ശൂരുമുള്ള മറ്റ് രണ്ട് മാനസികാരോഗ്യ കേന്ദ്രങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുമ്പോഴാണ് പേരൂര്‍ക്കടയിലെ കേന്ദ്രത്തിനോടുള്ള അവഗണന.
