മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് വിട നൽകി നാട്. ആലങ്ങാട് ജുമ മസ്ജിദിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി.

കൊച്ചി: ഇന്നലെ അന്തരിച്ച മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് വിട നൽകി നാട്. ആലങ്ങാട് ജുമ മസ്ജിദിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളും പ്രവർത്തകരും ഇബ്രാഹിംകുഞ്ഞിന് അന്തിമ ഉപചാരം അർപ്പിക്കാൻ എത്തി. മലബാറിന് പുറത്തുള്ള കേരളത്തിലെ മുസ്ലിം ലീഗിന്റെ ജനകീയ നേതാവിന് നാടൊന്നാകെ അവസാന യാത്ര മൊഴി നൽകി. ലീഗ് –കോൺഗ്രസ് നേതാക്കൾക്കൊപ്പം കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇബ്രാഹിംകുഞ്ഞിന് അന്തിമ ഉപചാരം അ‌ർപ്പിച്ചു. പൊതുദർശനത്തിന് ശേഷം ആലുവ പെരിയാറിന് തീരത്തെ വീട്ടിലെത്തിച്ചപ്പോൾ പ്രിയ നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും ഇബ്രാഹിംകുഞ്ഞിനെ അവസാനമായി കാണാനെത്തി. അവിടെ നിന്ന് ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം ജന്മനാടായ ആലുവ ആലങ്ങാട്ടെ ജുമ മസ്ജിദിലേക്ക് കൊണ്ടു പോയി. പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിലാണ് മയ്യത്ത് നമസ്കാരം നടത്തിയത്.

സംസ്ഥാനം മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുമ്പോൾ ആണ് വി കെ ഇബ്രാഹിംകുഞ്ഞിന്റെ വിയോഗം ഉണ്ടായത്. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ഇബ്രാഹിംകുഞ്ഞ് ഇന്നലെ വൈകീട്ട് 3.40നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ലാപ്പിൽ കരിനിഴലായ പാലാരിവട്ടം പാലം അഴിമതി കേസ് മാത്രമല്ല, പൊതുമരാമത്ത്, വ്യവസായ മന്ത്രിയായ കാലയളവിൽ നടത്തിയ പരിഷ്കാരങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും പേരിൽ കൂടിയാണ് ഇബ്രാഹിം കുഞ്ഞെന്ന നേതാവ് ജന മനസിൽ ഓർമിക്കപ്പെടുക.