Asianet News MalayalamAsianet News Malayalam

'ജലീലിന്റേത് രാജ്യദ്രോഹ പരാമർശം, നാടുകടത്തേണ്ട സമയം അതിക്രമിച്ചു': സുരേന്ദ്രൻ

ഇപ്പോഴും പഴയ സിമി പ്രേതം ജലീലിനെ വിട്ടുമാറിയിട്ടില്ല. ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചുവെന്നും സുരേന്ദ്രൻ പറ‌ഞ്ഞു.

Seditious remarks, its time to deport kt jaleel says k Surendran the leader of bjp apn
Author
First Published Jun 1, 2023, 6:48 PM IST

തിരുവനന്തപുരം : കണ്ണൂരിലെ ട്രെയിൻ തീവയ്പ് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്ന മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ പരാമർശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. രാജ്യദ്രോഹ പരാമർശമാണ് ജലീൽ നടത്തിയതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇപ്പോഴും പഴയ സിമി പ്രേതം ജലീലിനെ വിട്ടുമാറിയിട്ടില്ല. ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചുവെന്നും സുരേന്ദ്രൻ പറ‌ഞ്ഞു. ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.  

കേരളത്തില്‍ ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നായിരുന്നു കണ്ണൂരിലെ ട്രെയിന്‍ തീവെപ്പ് സംഭവത്തെ ചൂണ്ടിക്കാണിച്ച് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫാഷിസ്റ്റുകളുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണമാണ്. തൃശൂര്‍ ഇങ്ങെടുക്കാനും കണ്ണൂര്‍ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകല്‍ച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് അവര്‍ മനസിലാക്കി. ആദ്യശ്രമം എലത്തൂരില്‍ പരാജയപ്പെട്ടപ്പോള്‍ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേതെന്നും ജലീല്‍ ചോദിച്ചു. 

കെടി ജലീലിന്റെ കുറിപ്പ്: ''ഫാഷിസ്റ്റുകളുടെ ലക്ഷ്യം ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണമാണ്. തൃശൂര്‍ ഇങ്ങെടുക്കാനും കണ്ണൂര്‍ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകല്‍ച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് 'അവര്‍'മനസ്സിലാക്കിക്കഴിഞ്ഞു. ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരില്‍ പരാജയപ്പെട്ടപ്പോള്‍ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകര്‍ക്കാന്‍ എന്തും ചെയ്യും സംഘ് പരിവാരങ്ങള്‍. കേരളത്തില്‍ ഒരു  ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കുക. ''

''വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടിയിരുന്നു. അന്നത്തെ മലപ്പുറം എസ്.പി പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. 'മലപ്പുറത്തെ ദൈവം രക്ഷിച്ചു'?! ഷഹീന്‍ബാഗില്‍ കെട്ടിത്തിരിയാതെ മാധ്യമങ്ങള്‍ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്?''

''രാജസ്ഥാനിലെ ജയ്പൂരി ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്ഫോടനത്തില്‍ 71 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ക്ക് കീഴ്‌ക്കോടതി നല്‍കിയ വധശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പോലീസ് പറഞ്ഞവരെ വെറുതെവിട്ടു. ഹൈക്കോടതി വിധിന്യായത്തില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ കളമൊരുക്കിയ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് ശക്തമായ നിര്‍ദ്ദേശവും നല്‍കി. കണ്ണൂര്‍ ട്രൈന്‍ കത്തിക്കലിന്റെ പശ്ചാതലത്തില്‍ ഇതൊക്കെ 'മാധ്യമ ഠാക്കൂര്‍ സേന'യുടെ മനസ്സില്‍ ഉണ്ടാകുന്നത് നന്നാകും. സംശയം ജനിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കി കേരളത്തെ ഗുജറാത്തോ യു.പിയോ ആക്കരുത്.''

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

Follow Us:
Download App:
  • android
  • ios