തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ താല്‍ക്കാലിക ഫീസില്‍ പ്രവേശനം നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച് പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് തന്നെ ഓപ്ഷന്‍ ക്ഷണിച്ച് വിജ്ഞാപനം ഇറങ്ങും. ഫീസ് പുതുക്കി നിശ്ചയിക്കാൻ വൈകിയത് മൂലം മെ‍ഡിക്കൽ പ്രവേശനനടപടികൾ അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് താൽക്കാലിക ഫീസിൽ പ്രവേശന നടപടി തുടങ്ങുന്നത്.

എന്നാൽ ഭാവിയിൽ ഫീസിൽ മാറ്റമുണ്ടാകുമെന്ന്  വിജ്ഞാപനത്തിൽ അറിയിക്കും. അതേ സമയം സർക്കാർ പ്രതിസന്ധി നീക്കാൻ ശ്രമിക്കുമ്പോൾ മാനേജ്മെന്റുകൾ നിയമനടപടയിലേക്കാണ് നീങ്ങുന്നത്. താൽക്കാലിക ഫീസിലെ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് മാനേജ്മെനറുകൾ തിങ്കളാഴ്ച് സുപ്രീം കോടതിയെ സമീപിക്കും. താൽക്കാലിക ഫീസിൽ പ്രവേശനം പാടില്ലെന്ന സുപ്രീം കോടതിയുടെ മുൻവിധിയാണ് മാനേജ്മെന്‍റുകളുടെ ആയുധം.

എന്നാൽ  ഫീസ് കൂട്ടണമെന്നാണ് മാനേജ്മെൻറുകളുടെ  യഥാർത്ഥ ആഗ്രഹം. അഞ്ചരലക്ഷം മൂതൽ ആറര ലക്ഷം വരെയുള്ള മുൻ വർഷത്തെ ഫീസിനെതിരായ മാനേജ്മെൻറുകളുടെ പരാതി കോടതിയുടെ പരിഗണനയിലാണ്. മൂന്നിന് മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിൽ മാനേജ്മെൻറുകൾ തീരുമാനമെടുത്തിട്ടില്ല. ഫീസും പ്രവേശനവും നിയന്ത്രിക്കാനുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ പുന:സംഘടിപ്പാക്കാനുള്ള സർക്കാർ വൈകിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കുള്ള കാരണം. 

പത്തംഗ ജംബോ കമ്മിറ്റിയുടെ എണ്ണം കുറക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഫീസിന് അഞ്ചംഗ കമ്മിറ്റിയും മേൽനോട്ടത്തിന് ആറംഗ കമ്മിറ്റിയുമാക്കിയുള്ള മെഡിക്കൽ ബില്ലിൽ ഇന്നലെയാണ് ഗവർണ്ണർ ഒപ്പിട്ടത്. ഇനി ഫീസ് പുതുക്കാൻ സമയമെടുക്കുമെന്നുള്ളത് കൊണ്ടാണ് മുൻ വർഷത്തെ ഫീസ് താൽക്കാലികമാക്കി പ്രവേശനം തുടങ്ങുന്നത്.