വിസി നിർണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നലെ വൈകുന്നേരത്തിന് മുമ്പ് നിശ്ചയിക്കണം എന്ന ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ വിളിച്ചു കൂട്ടിയ സെനറ്റ് യോഗമാണ് ക്വാറം തികയാത്തതിനെ തുടർന്ന് പിരിഞ്ഞത്. വിസിയും ഗവർണറുടെ രണ്ട് പ്രതിനിധികളും ഉൾപ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. 19 പേരാണ് ക്വാറം തികയാൻ വേണ്ടിയിരുന്നത്

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിർണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാനുള്ള യോഗം അടുത്തമാസം 4ന് ചേരും . ഇക്കാര്യം വ്യക്തമാക്കി വൈസ് ചാൻസലർ ഗവർണർക്ക് കത്ത് നൽകി . 

ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത കേരള സർവകലാശാല സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞിരുന്നു. വിസി നിർണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നലെ വൈകുന്നേരത്തിന് മുമ്പ് നിശ്ചയിക്കണം എന്ന ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ വിളിച്ചു കൂട്ടിയ സെനറ്റ് യോഗമാണ് ക്വാറം തികയാത്തതിനെ തുടർന്ന് പിരിഞ്ഞത്. വിസിയും ഗവർണറുടെ രണ്ട് പ്രതിനിധികളും ഉൾപ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. 19 പേരാണ് ക്വാറം തികയാൻ വേണ്ടിയിരുന്നത്. 

വിട്ടുനിന്ന് ഇടത് സെനറ്റ് അംഗങ്ങൾ

യുഡിഎഫ് സെനറ്റ് അംഗങ്ങൾ യോഗത്തിനെത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ സെനറ്റ് യോഗത്തിൽ നിന്ന് ഇടതു മുന്നണി അംഗങ്ങൾ വിട്ടുനിന്നു. മുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടത് സെനറ്റ് അംഗങ്ങൾ വിട്ടുനിന്നത്. യോഗം നിയമവിരുദ്ധമാണെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ വിശദീകരണം. ഇന്നലെ സെനറ്റ് യോഗം വിളിച്ച നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. സെനറ്റ് ഒരു പ്രമേയം പാസ്സാക്കിയാൽ 12 മാസം കഴിഞ്ഞേ പുനഃപരിശോധിക്കാവൂ എന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 20ന് ചേർന്ന സെനറ്റ് കൈക്കൊണ്ട തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ ഒരു മാസത്തിനകം പ്രത്യേക സെനറ്റ് യോഗം വിളിച്ചുചേർക്കണമായിരുന്നു എന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. നിയമത്തിന് വിരുദ്ധമായതിനാൽ ഇന്നത്തെ സെനറ്റ് യോഗത്തിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസൂത്രിത നീക്കമെന്ന് യുഡിഎഫ്

ക്വാറം തികയാതെ കഴിഞ്ഞ ദിവസം യോഗം മുടങ്ങിയതോടെ സെനറ്റിലെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗവർണറും സർക്കാരും തമ്മിലുള്ള പോര് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സർവകലാശാലയിൽ തന്നെ ഉണ്ടായിരുന്നിട്ടും സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ പങ്കെടുക്കാതിരുന്നതിനെ എം.വിൻസെന്റ് എംഎൽഎ വിമർശിച്ചു. ഇടത് അംഗങ്ങളുടേത് ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു

ഗവർണറുടെ നടപടി എന്താകും?

നാലാം തിയതിയിലെ യോഗത്തിലും സെനറ്റ് പ്രതിനിധിയുടെ പേര് നിർദ്ദേശിച്ചില്ലങ്കിൽ രണ്ടംഗ വിസി നിർണയ സമിതിയുമായി ഗവർണർ മുന്നോട്ട് പോകുമോ എന്നതിലാണ് ആകാംക്ഷ. സെനറ്റ് പിരിച്ചു വിടുന്നത് അടക്കമുള്ള കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നതും കാത്തിരുന്ന് കാണാം. വിസി നിർണയ സമിതിയെ നിശ്ചയിച്ച ഗവർണറുടെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് സെനറ്റ് നേരത്തെ പ്രമേയം പാസ്സാക്കിയിരുന്നു. 
കണ്ണൂര്‍ വിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; പടന്നയിലെ കോളേജിന്‍റെ അനുമതി റദ്ദാക്കി