ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും സ്വന്തം കൈയിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ആദിവാസി ഊരുകളിൽ സഹായമെത്തിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു

ദില്ലി: കേരളത്തിലേക്ക് ട്രൈബൽ കമ്മീഷനെ (Tribal Commission) ഉടൻ അയക്കണമെന്ന് രാജ്യസഭയില്‍ (Rajyasabha) ആവശ്യമുന്നയിച്ച് സുരേഷ് ഗോപി എംപി (Suresh Gopi MP). കേരളത്തിൽ ആദിവാസികളുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് സുരേഷ് ഗോപി സഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണ്.

ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും സ്വന്തം കൈയിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ആദിവാസി ഊരുകളിൽ സഹായമെത്തിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാടിനെ കേന്ദ്ര സർക്കാർ പാക്കേജിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ കേരള ചീഫ് സെക്രട്ടറി നിഷേധാത്മക സമീപനം സ്വീകരിച്ചെന്നും എംപി ആരോപിച്ചു. 

വീണ്ടും ആദിവാസികളെ പറ്റിച്ച് പട്ടികവര്‍ഗ വകുപ്പ്; പൊട്ടിപ്പൊളിഞ്ഞ ചെണ്ട മാറ്റി നല്‍കാതെ കബളിപ്പിക്കൽ

തിരുവനന്തപുരം: പെരിങ്ങമലയില്‍ (peringamala) നിലവാരം കുറഞ്ഞ ചെണ്ടകൾ (Chenda) നല്‍കി ആദിവാസികളെ പറ്റിച്ച പട്ടികവര്‍ഗ വകുപ്പിന്‍റെ കള്ളക്കളി വീണ്ടും. പൊട്ടിപ്പൊളി‌ഞ്ഞവ മാറ്റി പുതിയത് നല്‍കാതെ അറ്റകുറ്റപ്പണി നടത്താനെന്ന പേരില്‍ ആദിവാസികളുടെ പക്കല്‍ നിന്നും ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചെണ്ടകൾ പിടിച്ചെടുത്തു. ചെണ്ടകൾ കൊണ്ട് പോയി രണ്ട് മാസമായിട്ടും ഇതുവരേയും തിരിച്ച് കൊടുക്കാൻ പട്ടിക വര്‍ഗ വകുപ്പ് തയ്യാറായിട്ടില്ല

പൊട്ടിപ്പൊളിഞ്ഞ ചെണ്ട നല്‍കി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ വകുപ്പും ആദിവാസികളെ പറ്റിച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് ഇക്കഴിഞ്ഞ ഡിസംബര്‍ 26നാണ്. പട്ടിക വര്‍ഗ വികസന വകുപ്പിന് പരാതി നല്‍കിയതിനും ഏഷ്യാനെറ്റ് ന്യൂസിനെ വാര്‍ത്ത അറിയിച്ചതിനും ഈ ആദിവാസി സ്ത്രികളെ നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ റഹീം ഭീഷണിപ്പെടുത്തിയിരുന്നു.

ജനുവരി 9 ഞാറാഴ്ച, അവധി ദിവസമായ അന്ന് ഐറ്റിടിപി നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ റഹീം രണ്ട് ജീവനക്കാരുമായി പെരിങ്ങമല പോട്ടമാവിലെ ആദിവാസി കോളനിയിലെത്തി. പൊട്ടിപ്പൊളിഞ്ഞ ചെണ്ട അറ്റകുറ്റപ്പണി നടത്തി തരാം എന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ചെണ്ട മാറ്റി പുതിയത് വാങ്ങി നല്‍കണമെന്ന നിലപാടികള്‍ ആദിവാസി വനിതകള്‍ ഉറച്ച് നിന്നു. ഒടുവില്‍ ബലമായി ഇവിടെ നിന്ന് ചെണ്ടകള്‍ കൊണ്ട് പോയി. ചെണ്ട കൊണ്ട് പോയിട്ട് രണ്ട് മാസം കഴിഞ്ഞു. നിരവധി തവണ ഈ സ്ത്രീകള്‍ ചെണ്ടയ്ക്ക് വേണ്ടി വിളിച്ചെങ്കിലും പ്രോജക്ട് ഓഫീസര്‍ക്ക് മറുപടിയില്ല.വ ൻ അഴിമതി ഒളിപ്പിക്കാനാണ് ചെണ്ട കൊണ്ട് പോയതെന്ന് ചൂണ്ടിക്കാട്ടി പ്രോജക്ട് ഓഫീസര്‍ക്കെതിരെ ആദിവാസി വനിതകള്‍ പരാതി നല്‍കി.

അതേ സമയം ചെണ്ടകളുടെ അറ്റകുറ്റപ്പണി അവസാനിച്ചിട്ടില്ലെന്ന് പ്രോജക്ട് ഓഫീസര്‍ വിശദീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 3 ഗോത്ര കലാ സാസ്കാരിക സമിതികള്‍ക്ക് ശിങ്കാരി മേളം യൂണിറ്റ് തുടങ്ങാനായി 6 ലക്ഷം രൂപ മാര്‍ച്ച് മൂന്നിനാണ് അനുവദിച്ചത്..പക്ഷേ വാങ്ങി നല്‍കിയതെല്ലാം ഉപയോഗ ശൂന്യമായ ചെണ്ടകളായിരുന്നു. ഉപജീവനം നഷ്ടപ്പെട്ട് ഒരു വര്‍ഷമായി ദുരിതത്തിലാണ് ഈ സ്ത്രീകള്‍.