1947ലെ ബ്രിട്ടീഷുകാരുടെ അധികാര കൈമാറ്റ ചടങ്ങിലെ അധികമാരുമറിയാത്ത ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: പാര്‍ലമെന്‍റ് ഉദ്ഘാടനവേളയില്‍ അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി ബിജെപി നേതാവ് അനില്‍ കെ ആന്‍റണി. 1947ലെ ബ്രിട്ടീഷുകാരുടെ അധികാര കൈമാറ്റ ചടങ്ങിലെ അധികമാരുമറിയാത്ത ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ ഇടം പിടിയ്ക്കുന്നതോടെ, നമ്മുടെ പൈതൃകത്തെ മനഃപൂർവ്വം കുഴിച്ചുമൂടീയ കോൺഗ്രസിന്‍റെ ശ്രമങ്ങൾ കൂടിയാണ് ചർച്ചയാകുന്നതെന്നും അനില്‍ കുറിച്ചു. പാര്‍ലമെന്‍റ് ഉദ്ഘാടന വേളയില്‍ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. അധികാര കൈമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ആഖ്യാനം മാത്രമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
നെഹ്റുവും, മൗണ്ട് ബാറ്റണും തമ്മിൽ നടത്തിയതായി പറയുന്ന ചർച്ചയ്ക്ക് രേഖാമൂലം ഒരു തെളിവുമില്ല. തമിഴ്നാടിനെ ഉന്നമിട്ടുള്ള രാഷ്ട്രീയ നീക്കം മാത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രിയെ രൂക്ഷമായി മറ്റ് പാര്‍ട്ടികള്‍ വിമര്‍ശിക്കുമ്പോള്‍ പിന്തുണയുമായി മായാവതി രംഗത്തെത്തി. സര്‍ക്കാരാണ് പാര്‍ലമെന്‍റ് മന്ദിരം നിര്‍മ്മിച്ചത്. അതുകൊണ്ട് ഉദ്ഘാടനം ചെയ്യാനുള്ള അവകാശവുമുണ്ട്.
ആദിവാസി വനിതയുടെ അഭിമാനത്തെ വിവാദവുമായി ബന്ധപ്പെടുത്തേണ്ടെന്നും മായാവതി ട്വീറ്റ് ചെയ്തു. ക്ഷണത്തിന് നന്ദിയറിയിച്ച മായാവതി മറ്റ് തിരക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 20 കക്ഷികള്‍ ചടങ്ങില്‍ പങ്കെടുക്കില്ല. പ്രതിപക്ഷ നിരയിലെ ഭിന്നത വ്യക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസടക്കം അഞ്ച് പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഓസ്ട്രേലിയയില്‍ തനിക്ക് ലഭിച്ച സ്വീകരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്‍റെ നിസഹകരണത്തെ പ്രധാനമന്ത്രി വിമര്‍ശിച്ചു. സിഡ്നിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പ്രതിപക്ഷം ഒന്നടങ്കമുണ്ടായിരുന്നുവെന്നും അതാണ് ജനാധിപത്യത്തിന്‍റെ ശക്തിയെന്നും മോദി പറഞ്ഞു.

