ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും ഇടതു മുന്നണി മുന്‍ കണ്‍വീനറുമായിരുന്ന എംഎം ലോറന്‍സ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെയാണ് അന്ത്യം. തിങ്കളാഴ്ച സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഒാഫീസിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവെച്ച ശേഷം എംഎം ലോറന്‍സിന്‍റെ മൃതദേഹം അദ്ദേഹത്തിന്‍റെ ആഗ്രഹ പ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും.


2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണ വിവരമറിഞ്ഞ് മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരടക്കം നിരവധിപേര്‍ ആശുപത്രിയിലെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയാണ് പൊതു ദര്‍ശനം. 


1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ എംഎം ലോറന്‍സിന്‍റേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എം എം ലോറന്‍സ്. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്. 2005 ൽ വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടര്‍ന്ന് ദീര്‍ഘകാലം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന എംഎം ലോറന്‍സിന്‍റെ ആത്മകഥ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ചയും പിന്നീട് പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയും വിശദമായി പ്രതിപാദിക്കുന്ന ആത്മകഥയില്‍ പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ വിഎസ് അച്ചുതാന്ദന്‍ ശ്രമിച്ചുവെന്ന ആരോപണം എംഎം ലോറന്‍സ് ആവര്‍ത്തിച്ചിരുന്നു.


എംഎം ലോറന്‍സിന്‍റെ നിര്യാണത്തിൽ എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ അനുശോചിച്ചു. വളരെ ദുഃഖകരമായ വാർത്തയാണെന്നും കേരളത്തിലെയും ഇന്ത്യയിലെയും സമുന്നത നേതാവാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. എം എം ലോറൻസിൻ്റെ നഷ്ടം നികത്താനാകാത്തതാണെന്നും ഇടപ്പള്ളി സ്റ്റേഷൻ കേസിൽ അതിക്രൂരമായി മർദ്ദനം നേരിട്ടുവെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

ശൂർ പൂരം വിവാദത്തിൽ മുഖ്യമന്ത്രി;'അന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ചു, റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു'

Asianet News Live | Kaviyoor Ponnamma | Mission Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്