ദില്ലി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ഡി വിജയമോഹൻ അന്തരിച്ചു. 65 വയസായിരുന്നു. മലയാള മനോരമ ദില്ലി സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു ഡി വിജയമോഹൻ. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ദില്ലി സെന്‍റ് സ്റ്റീഫൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 42 വര്‍ഷമായി മലയാള മനോരമയിൽ പ്രവര്‍ത്തിക്കുന്ന ഡി. വിജയമോഹൻ 1985 ലാണ് ദില്ലി ബ്യൂറോയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 

ലോക്സഭ സ്പീക്കറുടെ മാധ്യമ ഉപദേശക സമിതി അംഗം, പത്രപ്രവര്‍ത്തക യൂണിയൻ ദില്ലി ഘടകം പ്രസിഡന്‍റ് തുടങ്ങിയ പദവികൾ നേരത്തെ വഹിച്ചിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് കരിങ്ങയിൽ കാരയ്ക്കാട്ടുകോണത്ത് കുടുംബാംഗമാണ്. എസ് ജയശ്രിയാണ് ഭാര്യ. അഡ്വ വി എം വിഷ്ണു മകനാണ്.